പടച്ചോനെ എനിക്ക് ഈ സൗന്ദര്യം ശാപമായി പോയല്ലോ….; വിചിത്ര വാദവുമായി പാക് താരം
ഗ്ലാമർ കൂടിയപ്പോൾ ടീമിൽ നിന്ന് പുറത്തായെന്ന്
എനിക്ക് ഇത്രേം വലിയ സൗന്ദര്യം തന്നത് എന്തിനാണെന്ന് വിലപിക്കുന്ന കല്‍പ്പനയുടെ കഥാപാത്രത്തെ ഓര്‍മയില്ല. എങ്കില്‍ സൗന്ദര്യം ശാപമായി പോയെന്ന് പറഞ്ഞ് വിലപിക്കുന്ന ഒരു ക്രിക്കറ്റ് താരത്തിന്റെ വാര്‍ത്തയാണിത്. പാക്കിസ്ഥാന്‍ ദേശീയ ക്രിക്കറ്റിലുണ്ടായിരുന്ന അഹ്‌മദ് ശഹ്‌സാദാണ് തന്റെ സൗന്ദര്യ വാദവുമായി രംഗത്തെത്തിയത്. തനിക്ക് സൗന്ദര്യം കൂടിയതോടെ സീനിയര്‍ താരങ്ങള്‍ക്ക് തന്നോട് ഇഷ്ടക്കേടുണ്ടായിയെന്നും അതോടെ തന്റെ കരിയര്‍ ഇല്ലാതായെന്നുമാണ് താരം പറയുന്നത്.
താന്‍ കളിക്കുന്ന കാലത്ത് ഒരുപാട് സീനിയര്‍ താരങ്ങള്‍ കാണാന്‍ ഭംഗിയുള്ളതിന്റെ പേരില്‍ തന്നെ വെറുത്തിരുന്നുവെന്നും ഷഹ്‌സാദ് പറഞ്ഞു.’സൗന്ദര്യമുണ്ടായിരുന്നത് എനിക്ക് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ക്രിക്കറ്റില്‍ സൗന്ദര്യമുണ്ടാകുക ചിലപ്പോള്‍ ഒരു ശാപമാണ്, നന്നായി ഡ്രസ് ചെയ്യുക, സംസാരിക്കുക എന്നിവയൊക്കെ ഉണ്ടെങ്കില്‍ സഹതാരങ്ങള്‍ക്ക് അതൃപ്തിയുണ്ടാകും, നിങ്ങള്‍ ടീമില്‍ നിന്ന് വരെ പുറത്താകാന്‍ അത് കാരണവുമായേക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുപോലെ കാണാന്‍ ഗ്ലാമറുള്ള ഒരുപാട് താരങ്ങള്‍ക്ക് സൗന്ദര്യം ഒരു ശാപമായി മാറിയിട്ടുണ്ടെന്നും അവര്‍ അതുകൊണ്ട് തന്നെ ടീമില്‍ നിന്ന് പുറത്തായെന്നും ശഹ്‌സാദ് പറയുന്നുണ്ട്.
വലം കയ്യന്‍ ഓപ്പണറായ ഷഹ്സാദ് 13 ടെസ്റ്റുകളില്‍ നിന്നും 982 റണ്‍സ് , 81 ഏകദിനങ്ങളില്‍ നിന്നും 2605 റണ്‍സ്, 59 ട്വന്റി-20കളില്‍ നിന്നും 1471 റണ്‍സ് എന്നിവ നേടി.മുമ്പ് ലുക്കിലും കളിയിലും ഇന്ത്യന്‍ താരം വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്തിയിരുന്ന താരമായിരുന്നു ശഹ്സാദ്.