ഇന്ത്യയുടെ തിരിച്ചടി തടയാൻ സഹായിക്കണം; അറബ് രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി ചർച്ച നടത്തി പാക് പ്രധാനമന്ത്രി

ഇന്ത്യയുമായുള്ള സംഘർഷ സാഹചര്യം ലഘൂകരിക്കാൻ അറബ് രാജ്യങ്ങളുടെ സഹായം തേടി പാക്കിസ്ഥാൻ. സൗദി അറേബ്യ, യുഎഇ, കുവൈത്ത് രാജ്യങ്ങളിലെ സ്ഥാനപതിമാരുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തി. അറബ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്.
പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ ഭാഗം അറബ് രാജ്യങ്ങളിലെ സ്ഥാനപതിമാരെ ഷഹബാസ് ഷെരീഫ് ധരിച്ചതായാണ് വിവരം. സൗദി അടക്കമുള്ള സൗഹൃദ രാജ്യങ്ങൾ ഇടപെട്ട് ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാൻ സഹായിക്കണമെന്നും ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതും നിലനിർത്താനാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു
അതേസമയം പാക് അധിനിവേശ കാശ്മീരിലെ ജനങ്ങളോട് ഭക്ഷണവും അവശ്യ സാധനങ്ങളും കരുതിവെക്കാൻ ഭരണകൂടം നിർദേശം നൽകി. ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്നും അതിന് വേണ്ടി തയ്യാറെടുക്കണമെന്നുമാണ് നിർദേശം. നീലം താഴ് വരയിലേക്കും നിയന്ത്രണരേഖക്ക് സമീപമുള്ള പ്രദേശങ്ങളിലേക്കും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.