പാപ്പനംകോട് തീപിടിത്തം കൊലപാതകം; മരിച്ചത് ജീവനക്കാരി വൈഷ്ണയും ആൺസുഹൃത്തും
പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിലെ തീപിടിത്തത്തിൽ നിർണായക വിവരം. ജീവനക്കാരി വൈഷ്ണയുടെ മരണം കൊലപാതകമെന്ന് പോലീസ് പറഞ്ഞു. വൈഷ്ണയും ആൺസുഹൃത്ത് ബിനുവുമാണ് തീപിടിത്തത്തിൽ മരിച്ചത്. ബിനുവാണ് പെട്രോളുമായി എത്തി തീയിട്ടതെന്ന് പോലീസ് പറയുന്നു.
സംഭവസ്ഥലത്ത് പെട്രോളിന്റെയും മണ്ണെണ്ണയുടെയും സാന്നിധ്യം കണ്ടെത്തി. പെട്രോൾ കൊണ്ടുവന്നതെന്ന് കരുതുന്ന കുപ്പിയും കണ്ടെത്തി. സ്ഥലത്ത് നിന്ന് കത്തിയും കണ്ടെത്തിയിരുന്നു. വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒന്നിച്ചാണ് വൈഷ്ണ താമസിച്ചിരുന്നത്
ഏഴ് മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുകയാണ്. നാല് മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്‌നമുണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവർത്തിക്കുന്ന സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ നിന്ന് തീപടർന്നത്.