Kerala

പെരിയാര്‍ രാജ്യത്തെ ഏറ്റവും മികച്ച കടുവാ സങ്കേതം; നേട്ടത്തിലേക്കു നയിച്ചത് സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ മികവ്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച കടുവാ സങ്കേതമെന്ന പദവി പെരിയാറിന് സ്വന്തം. ഇവിടുത്തെ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പദവിയിലേക്കു എത്തിച്ചത്. കേരളത്തില്‍ പെരിയാര്‍, പറമ്പിക്കുളം എന്നീ രണ്ട് കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് ഉള്ളതെങ്കിലും ഏറ്റവും കൂടുതല്‍ കടുവകള്‍ വസിക്കുന്നത് വന്യമൃഗസംരക്ഷണ കേന്ദ്രമായ വയനാട്ടിലാണ്. 125 എണ്ണമാണ് വയനാടന്‍ കാടുകളില്‍ കഴിയുന്നത്. 2023ന്റെ മധ്യം വരെയുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തിലെ കടുവകളുടെ എണ്ണത്തില്‍ ആറു ശതമാനത്തിന്റെ വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്.

പെരിയാര്‍ കടുവാ സങ്കേതം
925 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണ് പെരിയാര്‍ കടുവാ സങ്കേതം. പ്രതിവര്‍ഷം 3000 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഈ പ്രദേശത്തെ താപനില 15 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇടുക്കി പത്തനംതിട്ട ജില്ലകളിലായാണ് കടുവാ സങ്കേതം സ്ഥിതിചെയ്യുന്നത്. മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത 430 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കോര്‍ സോണും 148 കിലോമീറ്ററുള്ള ടൂറിസം സോണും 347 ചതുരശ്ര കിലോമീറ്ററുള്ള ബഫര്‍ സോണും ഉള്‍പ്പെടുന്നതാണ് പെരിയാര്‍ സങ്കേതം.

പറമ്പിക്കുളം കടുവാ സങ്കേതം
പാലക്കാട് തൃശൂര്‍ ജില്ലകളിലായി 643.66 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണ് യുനെസ്‌കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച പറമ്പിക്കുളം കടുവാ സങ്കേതം. ആറ് കോളനികളിലായി സ്ഥിരതാമസമാക്കിയ കാദര്‍, മലസര്‍ ഗോത്രം, മുദുവര്‍, മല മലസര്‍ എന്നിങ്ങനെ നാല് വ്യത്യസ്ത ഗോത്രങ്ങളിലെ ആയിരത്തി അഞ്ഞൂറോളം ആദിവാസികളുടെ ആവാസകേന്ദ്രവും കൂടിയാണ് ഈ ടൈഗര്‍ റിസര്‍വ്. രാജ്യത്തെ ഏറ്റവും മികച്ച 10 കടുവാ സങ്കേതങ്ങളില്‍ ഒന്നാണ് പറമ്പിക്കുളം.

പറമ്പിക്കുളത്ത് 30നും 35നും കടുവകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പെരിയാറിലാവട്ടെ നാല്‍പതോളം കടുവകളുണ്ടെന്നാണ് കണക്കാക്കുന്നത്. 2022ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 213 കടുവകളെയാണ് കണ്ടെത്തിയത്. 2018ല്‍ 190 കടുവകളാണ് സെന്‍സെസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ട്രാപ് ക്യാമറകളില്‍ പതിഞ്ഞത്. ഈ കാലഘട്ടത്തില്‍ 12 ശതമാനം വര്‍ധനവ് ഇവയുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കണക്കുകളില്‍ വര്‍ധനവ് ദൃശ്യമാണ്. 2006ല്‍ സംസ്ഥാനത്ത് ഉണ്ടായിരുന്നത് 46 എണ്ണം മാത്രമായിരുന്നെങ്കില്‍ 2014ല്‍ 136 എണ്ണമായി വര്‍ധിച്ചു. ഇതാണ് 2018ലെ കണക്കില്‍ 190ലേക്ക് എത്തിയതും പിന്നീട് 213 എന്ന മാന്ത്രിക നമ്പറായി മാറിയതും.

2022 ഏപ്രില്‍ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരുവില്‍ പുറത്തിറക്കിയ ടൈഗര്‍ പോപുലേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ആകെ 3,167 കടുവകളാണ് ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്. 2006ല്‍ 1,411 മാത്രമായിരുന്നൂവെങ്കില്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം ഇരട്ടിയില്‍ അധികമായി കടുവകളുടെ സംഖ്യ വര്‍ധിച്ചുവെന്നത് ഇന്ത്യക്ക് അഭിമാനകരമായ നേട്ടാണ്. കടുവകളെ സംരക്ഷിക്കാനുള്ള ടൈഗര്‍ പ്രൊജക്ടിന്റെ 50ാം വര്‍ഷത്തിലായിരുന്നു അന്ന് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. ഈ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ കടുവകളുടെ എണ്ണം 213 ആണെന്ന് വെളിപ്പെടുത്തിയത്.

Related Articles

Back to top button