
അമേരിക്കയിലെ മിനിയാപൊളിസിലെ വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ് ഒരാൾ കൊല്ലപ്പെട്ടു. അയോവയിൽ നിന്ന് മിനസോട്ടയിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്. വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. വീട്ടുകാർക്ക് അപായമൊന്നും സംഭവിച്ചില്ല. എന്നാൽ വീട് പൂർണമായും കത്തിനശിച്ചു.
സൊകാറ്റ ടിബിഎം7 (SOCATA TBM7) സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽ പെട്ടത്. ഇതിനകത്ത് എത്ര യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രതികരിച്ചു. ഡെസ് മോയിൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം യാത്ര പുറപ്പെട്ടത്. മിനിയാപൊളിസിലെ അനോക കൗണ്ടിയിലെ ബ്ലെയ്ൻ വിമാനത്താവളത്തിലേക്കായിരുന്നു വിമാനം പോയത്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് യു.എസ് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.