Kerala

പാണക്കാട് തങ്ങള്‍ അനുഗ്രഹിച്ച രാഹുല്‍ വിജയിച്ചു; ജിഫ്രി തങ്ങള്‍ അനുഗ്രഹിച്ച പി സരിന് മൂന്നാം സ്ഥാനത്ത്; ആക്ഷേപവുമായി പി എം എ സലാം

വ്യാപക വിമര്‍ശനവുമായി സമസ്ത അണികള്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സരിന്റെ പരാജയത്തിന്റെ പിന്നില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണെന്ന ധ്വനിയുമായി മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ സലാം. കുവൈത്തില്‍ നടന്ന കെ എം സി സി പരിപാടിക്കിടെയുള്ള തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയായിരുന്നു അപക്വവും പ്രതിഷേധാര്‍ഹവുമായ സലാമിന്റെ വാക്കുകള്‍. പാണിക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സലാം ജിഫ്രി തങ്ങള്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞത്.

സലാമിന്റെ വാക്കുകള്‍: പാലക്കാടില്‍ നിന്ന് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചത് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളായിരുന്നു. ഇടതുപക്ഷ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമ്പോള്‍ അദ്ദേഹത്തെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച മറ്റൊരു നേതാവുണ്ടായിരുന്നു. അപ്പോള്‍ ആരുടെ കൂടെയാണ് കേരളത്തിലെ മുസ്ലിം സമൂഹമെന്ന് വ്യക്തമായി അംഗീകരിക്കപ്പെടുന്ന സാഹചര്യമാണിത്.’ അദ്ദേഹം പറഞ്ഞു.

അതിനിടെ, സരിന്റെയും എല്‍ ഡി എഫിന്റെയും പരസ്യം കൊടുത്ത സുപ്രഭാതം പത്രത്തെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഏതൊക്ക പത്രങ്ങളാണ് മുസ്ലിം സമുദായത്തെ അംഗീകരിക്കുന്നതെന്നും വ്യക്തമായതായും സുപ്രഭാതം ദിനപത്രത്തെ ആക്ഷേപിച്ച് കൊണ്ട് സലാം വ്യക്തമാക്കി.

അതേസമയം, സലാമിനെതിരെ സമസ്തയുടെ യുവജന, വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കളും അണികളും രൂക്ഷമായ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്. ചേലക്കരയില്‍ പരാജയപ്പെട്ട രമ്യയെ അനുഗ്രഹിച്ചത് ജിഫ്രി തങ്ങളായിരുന്നോവെന്നും പലരും വ്യക്തമാക്കി.

ഇക്കാലമത്രയും ലീഗിന്റെ പരാജയപ്പെട്ട സ്ഥാനാര്‍ഥികളെ എണ്ണിപ്പറഞ്ഞ് ഇവര്‍ക്കൊക്കെ ആരായിരുന്നു അനുഗ്രഹം നല്‍കിയതെന്നും ചോദിക്കുന്നവരുണ്ട്.

നിലവില്‍ സമസ്ത – ലീഗ് ബന്ധം കൂടുതല്‍ വഷളാക്കുന്ന പ്രസ്താവനയാണ് സലാമിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. നിലവില്‍ സമസ്തയുടെ ഔദ്യോഗിക നേതൃത്വങ്ങളൊന്നും സലാമിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിട്ടില്ല.

Related Articles

Back to top button