Movies

താഴത്തില്ലേ…താഴണമെടോ…; അല്ലു അര്‍ജുനെ പൂട്ടാന്‍ പോലീസ്; പ്രീമിയര്‍ ഷോ ദുരന്തത്തില്‍ കേസ് എടുത്തു

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈദരബാദ് പോലീസ്

ഏറെ കൊട്ടിയാഘോഷിക്കപ്പെടുന്ന പുഷ്പ 2; ദി റൂള്‍ എന്ന സിനിമ അല്ലു അര്‍ജുന്‍ എന്ന തെന്നിന്ത്യന്‍ സ്റ്റാറിന്റെ തലവര മാറ്റുമെന്ന് പറഞ്ഞത് അച്ചട്ടാകുമോയെന്നാണ് ആരാധകരുടെ ഭയം. സിനിമയുടെ പ്രീമിയര്‍ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലുവിനെതിരെ ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരബാദ് പോലീസ്.

അല്ലുവിനെ കുരുക്കി കേസ് കടുപ്പിക്കാനാണ് പോലീസിന്റെ നീക്കം. സംഭവത്തില്‍ നടനെ ഒന്നാം പ്രതിയാക്കി കേസ് എടുക്കാനിരിക്കുകയാണ് ഹൈദരബാദ് പോലീസ്.

പുഷ്പയുടെ പ്രീമിയര്‍ ഷോക്കിടെ ബുധനാഴ്ച ഹൈദരാബാദ് തിയേറ്ററിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അല്ലുവിനെ പുറമെ സന്ധ്യ തിയേറ്റര്‍ ഉടമക്കെതിരെയും പോലീസ് രംഗത്തെത്തിയിട്ടുണ്ട്.

സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുന്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ എത്തിയതിനെ തുടര്‍ന്നാണ് തിക്കും തിരക്കും ഉണ്ടായത് എന്നും ഇതാണ് സ്ത്രീയുടെ മരണത്തിനിടയാക്കിയത് എന്നുമാണ് പൊലീസ് പറയുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് സുരക്ഷയുമായി ബന്ധപ്പെട്ട് അധിക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താത്തതിന് സന്ധ്യ തിയറ്റര്‍ മാനേജ്‌മെന്റിന് പിഴ ചുമത്തുകയും ചെയ്യും.

തിയേറ്റര്‍ സന്ദര്‍ശിക്കുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റിന്റെയോ അഭിനേതാക്കളുടെയോ പുഷ്പ ടീമിന്റെയോ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ സിവി ആനന്ദ് പറഞ്ഞു. തിയേറ്റര്‍ മാനേജ്‌മെന്റിന് അല്ലു അര്‍ജുന്റെ വരവ് അറിയാമായിരുന്നിട്ടും നടനും സംഘത്തിനും പ്രവേശനത്തിനും പുറത്ത് പോകാനും പ്രത്യേക വഴി സജ്ജമാക്കിയില്ല എന്നും പോലീസ് വ്യക്തമാക്കി.

അല്ലു അര്‍ജുനെ കാണാന്‍ തിയേറ്ററില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയില്‍പ്പെട്ട് ശ്വാസം മുട്ടി 35 കാരിയായ സ്ത്രീ മരിക്കുകയും ഒമ്പത് വയസ്സുള്ള മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ജനക്കൂട്ടം മുന്നോട്ട് കുതിച്ചപ്പോള്‍ തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകരുകയും ചെയ്തു.ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തി ചാര്‍ജ് നടത്തേണ്ടി വന്നു. പരിക്കേറ്റ 13 കാരനായ തേജ എന്ന കുട്ടി ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!