മുൻ മാനേജറെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെ പോലീസ് ചോദ്യം ചെയ്തു

മുൻ മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെ പോലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് ഇൻഫോപാർക്ക് പോലീസ് ചോദ്യം ചെയ്തത്. താൻ മർദിച്ചിട്ടില്ലെന്നും പരാതിക്കാരന്റെ മുഖത്തെ കണ്ണട വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമാണെന്നുമാണ് ഉണ്ണി മുകുന്ദൻ മൊഴി നൽകിയത്
കേസിൽ പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്‌സണൽ മാനേജർ ഇല്ലെന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും സഹകരണങ്ങളും പ്രൊഫഷണൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ നിർമാണ കമ്പനി വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു
തന്നെ കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളും പ്ലാറ്റ്‌ഫോമുകളും മാറി നിൽക്കണമെന്ന് അഭ്യർഥിക്കുന്നു. ഇത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടർന്നാൽ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് വഴി അറിയിച്ചു.