Novel

പൗർണമി തിങ്കൾ: ഭാഗം 64

രചന: മിത്ര വിന്ദ

എന്റെ അവസ്ഥ ദയവ് ചെയ്ത് ഒന്നു മനസിലാക്കു.. പ്ലീസ്.

തന്റെ മുൻപിൽ തൊഴുകയ്യോടെ നിൽക്കുന്ന പൗർണമിയേ കണ്ടതും അലോഷിയ്ക്ക് അവളോട് യാതൊന്നും പറയാൻ പറ്റാത്ത സ്ഥിതിയിൽ ആയിരുന്നു.

എന്തിനാ താൻ വെറുതെ ഈ പാവത്തിനോട് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് ഓർത്തപ്പോൾ അവനും ആകെ സങ്കടം.
പൗർണമിയ്ക്ക് അവളുടെ മാതാപിതാക്കൾ പറയുന്നതിന്നു അപ്പുറമില്ല. കാരണം അങ്ങനെ കഷ്ടപ്പാട് അറിഞ്ഞു ജനിച്ചു വളർന്ന ഒരു പെൺകുട്ടിയാണ് ഇവൾ എന്ന് ഇപ്പൊൾ പറഞ്ഞ വാക്കുകളിൽ കൂടി അലോഷിയ്ക്ക് മനസിലായി.

ഹമ്… പോട്ടെ, സാരമില്ല.ഈ കണ്ണീരു തുടയ്ക്ക് പൗമിക്കൊച്ചേ… ഞാനെ കുരിശ് വരച്ചിട്ട് പെട്ടന്ന് വരാം. വല്ലാത്ത വിശപ്പ്.. അതാണ്..

അവൻ പൗർണമിയേ നോക്കി ഒരു ചെറിയ ചിരിയോടെ പറഞ്ഞു.

പൗർണമി നോക്കിയപ്പോൾ അവന്റെ മിഴികളിലും ചെറിയ നനവ് പടർന്നു.

അത് മറയ്ക്കാൻ ശ്രെമിച്ചു കൊണ്ട് അലോഷി അരികിൽ നിന്നും നീങ്ങിയപ്പോൾ അവൾ അവന്റെ കൈയിൽ കയറി പിടിച്ചു.
തിരിഞ്ഞു അവൻ ആ മുഖത്തേക്ക് വീണ്ടും നോക്കി.

എന്നോട് ദേഷ്യം ഉണ്ടോ ഇച്ചായാ…

എന്തിന്….. എന്റെ പൗർണമികൊച്ചിനോട് ദേഷ്യമൊ.. അതീ ജന്മത്തിൽ ഉണ്ടാകില്ലന്നെ… ഇച്ചായന്റെ ജീവനാടി നീയ്..

അവളുടെ കവിളിൽ മെല്ലെയൊന്നു വലം കൈകൊണ്ട് അവൻ തലോടി.

നീ നല്ല കൊച്ചാടി.. മാതാപിതാക്കളേ ബഹുമാനിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന നല്ലൊരു കൊച്ചു.. നിനക്ക് എന്നും ഈശ്വരൻ നന്മകൾ മാത്രം തരുവൊള്ളൂ… എനിയ്ക്ക് ഉറപ്പാ അത്.ഇച്ചായൻ എന്റെ കൊച്ചിനെ വെറുതെ ഓരോന്ന് പറഞ്ഞു സങ്കടപ്പെടുത്തിയല്ലേ.. എന്നാ പറയാനാടി.. പറ്റിപ്പോയിന്നെ….
സോറി കേട്ടോ.

വീണ്ടും അവളുടെ കവിളിൽ ഒന്നു തലോടിയിട്ട് പിന്തിരിഞ്ഞു പോകാൻ തുടങ്ങിയ അലോഷിയുടെ നെഞ്ചിലേക്ക് ഒരു ആർത്ത നാദത്തോടെ പൗർണമി വീണുപോയത് പെട്ടന്ന് ആയിരുന്നു..
ദിഗന്തകൾ പൊട്ടുപോലെ ഉച്ചത്തിൽ ഉള്ള അവളുടെ കരച്ചിൽ ആ മുറിയിലാകെ മുഴങ്ങി.

അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് അവനെ ഇറുക്കി പുണർന്നുകൊണ്ട് അവനോട് ഒരു വാക്ക് പോലും ഉരിയാടാതെ പൗർണമി പിന്നെയും പൊട്ടിപൊട്ടി കരഞ്ഞു..

അലോഷിയ്ക്ക് ആണെങ്കിൽ എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരിന്നു.
അത്രമാത്രം സങ്കടത്തോടെ തന്റെ പെണ്ണ് കരയുന്ന കണ്ടു അവനും കണ്ണ് നിറഞ്ഞു.

പൗർണമി….. എടി കൊച്ചേ, ഇങ്ങനെ കരയല്ലേ.. എനിയ്ക്ക് സത്യമായിട്ടും ഇത് മാത്രം സഹിക്കാൻ പറ്റില്ല.. അതുകൊണ്ടാന്നെ… പ്ലീസ്..

അവൻ ആ തോളിൽ ഒന്നു പിടിച്ചു അവളെ പിന്നോട്ട് അടർത്തി മാറ്റാൻ ഒരു ശ്രെമം നടത്തി.

പക്ഷേ അത് വിജയിച്ചില്ല….
അവൾ ഉടുമ്പിനെ പോലെ ചുറ്റി വരിഞ്ഞു പിടിച്ചിരിയ്ക്കുകയാണ്.

പൗർണമി..ഇങ്ങനെ കരയാൻ വേണ്ടി ഞാൻ എന്തേലും പറഞ്ഞോ നിന്നോട്.. അഥവാ എന്തേലും ചോദിച്ചെങ്കിൽ തന്നെ അത് മറന്നു കളഞ്ഞോടി.

അലോഷി അവളുടെ മുടിയിഴകളിൽ വിരൽ ഓടിച്ചുകൊണ്ട് സാവധാനം അവൾക്ക് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി പറഞ്ഞു.

കുറെ ഏറെ ആശ്വാസവാക്കുകൾ അവൻ അവളോട് പറഞ്ഞപ്പോൾ ആള് അല്പം ശാന്തയാകും പോലെ അലോഷിയ്ക്ക് തോന്നി.

പൗർണമി….

തന്റെ നെഞ്ചിൽ കിടക്കുന്നവളുടെ താടി പിടിച്ചു അലോഷി മേല്പോട്ട് ഉയർത്തി. എന്നിട്ട് ആ മിഴികളിൽ ഉറ്റു നോക്കി..

നല്ല കൊച്ചായിട്ട് പോയി ഇച്ചായനു ചോറ് എടുത്തു വെയ്ക്കു… ഞാൻ പെട്ടന്ന് വരാം കേട്ടല്ലോ.

അവൻ പറഞ്ഞതും പൗമി ഒന്നു തല കുലുക്കി.
എന്നിട്ട് അവനിൽ നിന്നും അകന്നു മാറി.

ഇഷ്ടമാണെന്ന് അറിയാം…. പക്ഷെ അവൾക്ക് അവളുടെ വീട്ടുകാരെ വിഷമിപ്പിയ്ക്കാൻ വയ്യാ.

കുരിശ് വരയ്ക്കാൻ വേണ്ടി കർത്താവിന്റെ തിരു രുപത്തിന് മുൻപിൽ മുട്ടുകുത്തി ഇരുന്നു.
കണ്ണുകൾ അടച്ചു…

അലോഷി തന്ന ഗിഫ്റ്റ് പാക്കറ്റ് കൊണ്ട്പോയി തന്റെ റൂമിൽ വെച്ച ശേഷം പൗർണമി അടുക്കളയിലേക്ക് ചെന്നു

ചോറും കറികളും ഒക്കെ വിളമ്പി മേശമേൽ നിരത്തി.

കുരിശ് വരച്ചു കഴിഞ്ഞു ഇഷ്ടമുണ്ടോ ഇല്ലയോ എന്ന് താൻ പറയണമെന്ന് അലോഷിച്ചായൻ പറഞ്ഞത് ഓർത്തുകൊണ്ട് പൗർണമി അവിടെ കിടന്ന കസേരയിൽ ഇരുന്നു.

കെട്ടിപിടിച്ചു കരഞ്ഞപ്പോൾ ആളെന്ത് കരുതിയോ ആവോ.. ചെ.. കഷ്ടമായിപ്പോയ്.

ആ ചെക്കനെ നിനക്ക് ഇഷ്ട്ടം ആണെങ്കിൽ അതങ്ങട് പറഞ്ഞു കൂടെ പൗർണമി… എന്തിനാ വെറുതെ ആ പാവത്തെയിട്ട് ഇങ്ങനെ കുരങ്ങു കളിപ്പിക്കുന്നത്.. ഇതൊന്നും അത്ര നല്ല ഏർപ്പാടൊന്നുമല്ല കേട്ടോ.

അവളുടെ മനസാക്ഷി ആ ഹൃദയത്തെ കുത്തി മുറിവേൽപ്പിച്ചുകൊണ്ടേയിരിന്നു.

ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ പൗർണമി അത് എടുത്തു നോക്കി.മെസ്സേജ് ആയിരുന്നു.
ഓപ്പൺ ചെയ്തപ്പോൾ
പോൾ അങ്കിൾ.

മോളെ.. ഫ്രീ ആണോ..?
അതെ അങ്കിൾ.

അവൾ റിപ്ലൈ കൊടുത്തു.
അലോഷി അടുത്തുണ്ടോ.. അതോ?

ഇല്ല.. കുരിശ് വരയ്ക്കുവാ..

ഹമ്.. ഓക്കേ… ഞാനെ ഒരു കാര്യം പറയാൻ വേണ്ടി ആയിരുന്നു.തത്കാലം അവൻ അറിയണ്ട കേട്ടോ..

പോളിന്റെ മെസ്സേജ് വായിക്കും തോറും പൗർണമിയ്ക്ക് നെഞ്ചിടിപ്പ് ഏറി വന്നു.

എന്താണോ പറയാൻ പോകുന്നത്. ഈശ്വരാ അരുതാത്തത് ഒന്നും സംഭവിയ്ക്കല്ലേ..
അവൾ മനമുരുകി പ്രാർത്ഥിച്ചു.

ടൈപ്പിംഗ്‌ എന്ന് കുറെ നേരമായി ഡിസ്പ്ലേയിൽ തെളിഞ്ഞു നിൽക്കുന്നു. ഇത്ര കാര്യമായിട്ട് അങ്കിൾ എന്താണോ പറയുന്നത്.

മോളെ….. അലോഷിടെ bday ആണ് നാളെ.. രാത്രി 12മണിയ്ക്ക് ഒരു കേക്ക് അവിടെ എത്തും. മോള് ചെന്നു ഡോർ തുറന്നു അത് മേടിക്കണം കേട്ടോ..അവനു ഒരു ചെറിയ സർപ്രൈസ് കൊടുക്കാനാ..എല്ലാം ഞാൻ റെഡി ആക്കി വെച്ചിട്ടുണ്ട്..

അതായിരുന്നു അയാളുടെ മെസ്സേജ്………തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!