പത്ത് സിക്‌സ് 14 ഫോറ്; വെടിക്കെട്ടായി പഞ്ചാബിന്റെ സിംഹം
ചാമ്പ്യന്‍സ് ട്രോഫിയില്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ഒരു ഓപ്പണര്‍ കൂടി

പഞ്ചാബിന്റെ സിംഹക്കുട്ടിയായി ഇനി അറിയപ്പെടാന്‍ പോകുന്നവനാണിവന്‍. പേര് ഉച്ചരിക്കാന്‍ അല്‍പ്പം പ്രയാസമാണെങ്കിലും അയാളുടെ കളികാണാന്‍ അത്ര പ്രയാസം തോന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കെതിരെ പഞ്ചാബിന്റെ ഓപ്പണറായി ഇറങ്ങിയ പ്രാബ്സിംറാന്‍ സിംഗ് പത്ത് സിക്‌സറും 14 ഫോറുകളും പറത്തി 150 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. അതും കരുത്തരായ മുംബൈ ടീമിനെതിരെ.
അര്‍ഷ്ദീപ് സിംഗിന്റെ ബോളിംഗ് കരുത്തില്‍ തകര്‍ന്നടിഞ്ഞ മുംബൈ ടീമിന് പ്രതീക്ഷയുണ്ടായിരുന്നത് തങ്ങളുടെ ബോളര്‍മാരിലായിരുന്നു. എന്നാല്‍ ആ പ്രതീക്ഷക്ക് കൂടുതല്‍ താമസം കൊടുക്കാതെ പഞ്ചാബിന്റെ ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചു. പ്രാബ്സിംറാനും അഭിഷേക് ശര്‍മയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 150 റണ്‍സിന്റെ പാര്‍ട്ടണര്‍ഷിപ്പുണ്ടാക്കി.
പ്രാബിസിംറാനൊപ്പം ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ അഞ്ച് സിക്‌സും നാല് ഫോറുമായി 66 റണ്‍സ് അടിച്ചുടെത്തു. ബൗണ്ടറികളുടെ മാലപ്പടക്കമായിരുന്നു അഹമ്മദാബാദ് ഗ്രൗണ്ടില്‍ നടന്നത്. അഭിഷേക് ശര്‍മയും പ്രാബ്സിംറാനും ബൗണ്ടറി കൊണ്ട് മാത്രം നേടിയത് 166 റണ്‍സ്. പ്രാബിസിംറാന്‍ സിംഗ് 116 റണ്‍സും അഭിഷേക് 50 റണ്‍സും ബൗണ്ടറിയാല്‍ മാത്രം നേടി.
പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് കേവലം 249 റണ്‍സായിരുന്നു. കേവലം 29 ഓവറില്‍ ലക്ഷ്യം മറികടക്കുമ്പോള്‍ ക്രീസില്‍ പ്രാബ്സിംറാന്‍ ഉണ്ടായിരുന്നു. രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ടീമിന് നഷ്ടമായിരുന്നത്.