ദലിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ്; എതിർ കക്ഷികൾക്കെതിരെ കേസെടുക്കാൻ ഉത്തരവ്

തിരുവനന്തപുരത്ത് ദലിത് യുവതി ബിന്ദുവിനെ വ്യാജ മോഷണക്കേസിൽ കുടുക്കി പോലീസ് മാനസികമായി പീഡിപ്പിച്ച കേസിൽ പരാതിക്കാരിയായ ഓമന ഡാനിയൽ അടക്കമുള്ള എതിർ കക്ഷികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എസ് സി, എസ് ടി കമ്മീഷൻ ഉത്തരവ്. ബിന്ദു സ്വർണമാല മോഷ്ടിച്ചെന്ന് പരാതി നൽകിയത് ഓമനയാണ്. പിന്നീട് ഓമനയുടെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തിയിരുന്നു
തെളിയിക്കപ്പെടാത്ത കേസിന്റെ മറവിൽ പാവപ്പെട്ട പട്ടികജാതി സ്ത്രീയെ നിയമവിരുദ്ധമായി 20 മണിക്കൂറോളം പോലീസ് കസ്റ്റഡിയിൽ വെച്ചതായി അസി. കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18നാണെങ്കിലും ഓമന പരാതി നൽകിയത് 23നായിരുന്നു.
വീട്ടിൽ അറിയാതെ ബിന്ദുവിനെ ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തുകയും ക്രൂരമായി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നേറ്റ് ഉച്ചയ്ക്ക് 12 മണി വരെയാണ് ഇവരെ അനധികൃതമായി കസ്റ്റഡിയിൽ വെച്ചത്. തുടർ നടപടി സ്വീകരിക്കാൻ പേരൂർക്കട എസ് എച്ച് ഒക്കാണ് കമ്മീഷൻ നിർദേശം നൽകിയത്.