ടിഐഎംഎസ്എസ്: അറബ് ലോകത്ത് യുഎഇ ഒന്നാമത്

അബുദാബി: നാലാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളുടെ മികവ് അളക്കുന്ന ടിഐഎംഎസ്എസ് (ട്രെന്റ്‌സ് ഇന്‍ ഇന്റെര്‍നാഷ്ണല്‍ മാത്മാറ്റിക്‌സ് ആന്റ് സയന്‍സ് സ്റ്റഡി) 2023 റാങ്കിങ്ങില്‍ അറബ് ലോകത്ത് ഒന്നാമതായി യുഎഇ. സയന്‍സിലും മാത്സിലുമുള്ള കുട്ടികളുടെ കഴിവാണ് റാങ്കില്‍ പരിശോധിക്കപ്പെടുന്നത്. ഓരോ നാലു വര്‍ഷം കൂടുമ്പോഴും സംഘടിപ്പിക്കുന്ന ടിഐഎംഎസ്എസ് പഠന റിപ്പോര്‍ട്ടില്‍ 64ല്‍ അധികം രാജ്യങ്ങളിലെ വിദ്യാര്‍ഥികളാണ് ഇത്തവണ പങ്കാളികളായത്.
ദുബൈ മ്യൂസിയംസ് ഓഫ് ഫ്യൂച്ചറില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് മേഖലയുടെ ടിഐഎംഎസ്എസ് റിപ്പോര്‍ട്ടും റിസല്‍ട്ടും പ്രഖ്യാപിച്ചത്. യുഎഇ വിദ്യാഭ്യാസ മന്ത്രി സാറ ബിന്‍ത് യൂസിഫി അല്‍ അമീരി രാജ്യത്തെ വിദ്യാര്‍ഥികളെ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവെച്ചതില്‍ അഭിനന്ദിച്ചു. വിവിധ പഠന മേഖലകളില്‍ രാജ്യത്തെ മികച്ച നിലവാരത്തിലേക്ക് എത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ നടത്തുന്ന പരിശ്രമങ്ങളാണ് ഈ നേട്ടത്തിലേക്കു എത്തിച്ചതെന്നും അവര്‍ പറഞ്ഞു.