രാത്രി മൂന്ന് മണിക്ക് വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റൂവെന്ന് പറഞ്ഞ നടനാണ് ശ്രീനാഥ് ഭാസി; ആരോപണവുമായി നിർമ്മാതാവ്

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍. രാത്രി മൂന്ന് മണിക്ക് ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റുകയുള്ളൂവെന്ന് പറഞ്ഞ നടനാണ് ശ്രീനാഥ് ഭാസിയെന്നും നമുക്ക് കോടതിയില്‍ കാണാം എന്നുമാണ് ഹസീബ് മലബാര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. നടന്‍ സ്ഥിരമായി വരാത്തതിനാല്‍ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും നിര്‍മ്മാതാവ് പറയുന്നു.
കാരവന് ലഹരി പിടിച്ചെടുക്കാന്‍ കഴിവുണ്ടെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആക്‌സിഡന്റ് ഉണ്ടാകുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേത് ആയേനെ’ എന്നും ഹസീബ് മലബാര്‍ ആരോപിച്ചു. ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണം ഉയരുന്നത്. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍ സി അലോഷ്യസ് ഉയര്‍ത്തിയ ആരോപണവും ചർച്ചയാവുന്നുണ്ട്.
ഇന്നലെ രാത്രിയായിരുന്നു ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്.
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിലും ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെന്ന സ്ത്രീയെ ആലപ്പുഴയില്‍ നിന്നും പിടികൂടിയപ്പോള്‍ താന്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നായിരുന്ന മൊഴി അവർ നല്‍കിയിരുന്നു. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്‌സൈസിന് ലഭിച്ചിരുന്നു. സംഭവത്തില്‍ നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.