Kerala
ചുറ്റിലും പ്രതിഷേധം; പരിപാടികളൊക്കെ റദ്ദാക്കി വീട്ടിൽ നിന്നിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ

നിരവധി യുവതികൾ ഉയർത്തി ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ വീട്ടിൽ നിന്നിറങ്ങാതെ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ നിശ്ചയിച്ച പൊതുപരിപാടികളെല്ലാം തന്നെ റദ്ദാക്കി. പത്തനംതിട്ടയിലെ അടൂർ നെല്ലിമുകളിലുള്ള വീട്ടിലാണ് നിലവിൽ രാഹുൽ ഉള്ളത്.
മണ്ഡലത്തിലെ പരിപാടികളിലോ മറ്റ് പരിപാടികളിലോ രാഹുൽ പങ്കെടുക്കുന്നില്ല. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിലേക്ക് എത്തിയത്. ചില സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനാണ് എത്തിയതെങ്കിലും ആരോപണങ്ങളിൽ കനത്ത പ്രതിഷേധം ഉയർന്നതോടെയാണ് വീട്ടിൽ തന്നെ കഴിയുന്നത്.
വീടിന്റെ മുറ്റത്ത് വരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇന്നലെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇന്നും പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ വീടിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ട്.