ഹിസ്ബുല്ല മേധാവിയുടെ വധത്തിൽ പ്രതിഷേധിച്ച് കാശ്മീരിൽ പ്രതിഷേധ പ്രകടനം
ഹിസ്ബുല്ല മേധാവി ഷെയ്ഖ് ഹസൻ നസ്‌റല്ലയെ വധിച്ചതിൽ പ്രതിഷേധിച്ച് ജമ്മു കാശ്മീരിൽ പ്രതിഷേധം. കാശ്മീരിലെ ബുദ്ഗാമിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു. നസ്‌റല്ലയുടെ ചിത്രം പതിച്ച പോസ്റ്ററുകളുമായാണ് യുവാക്കൾ പ്രതിഷേധ പ്രകടനം നടത്തിയത്. ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് നസ്‌റല്ല കൊല്ലപ്പെട്ടത്
ശ്രീനഗറിലെ ഓൾഡ് സിറ്റിയിലും പ്രതിഷേധം നടന്നു. ഹിസ്ബുല്ല തലവനെ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രക്തസാക്ഷിയെന്നാണ് വിശേഷിപ്പിച്ചത്. പിഡിപിയുടെ ഇന്നത്തെ എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും മെഹബൂബ റദ്ദാക്കുകയും ചെയ്തു.
ഗാസ, ലെബനൻ എന്നിവിടങ്ങളിലെ രക്തസാക്ഷികളോടും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനങ്ങളോടുള്ള ഐക്യദാർഢ്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അവർ വ്യക്തമാക്കി. സീനിയർ ഇറാൻ ജനറൽ അബ്ബാസ് നിൽഫറോഷാൻ, ഹസ്സൻ നസ്‌റല്ലയുടെ മകൾ സൈനബ്, ഹിസ്ബുള്ള സതേൺ ഫ്രണ്ട് കമാൻഡർ അലി കരകി എന്നിവരും വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.