പുനലൂർ – മധുര എക്സ്പ്രസ് ട്രെയിൻ വില്ലുപുരത്തേക്ക്
തിരുവനന്തപുരം: പുനലൂർ – മധുര എക്സ്പ്രസ് ട്രെയിൻ വില്ലുപുരത്തേയ്ക്ക് നീട്ടിയേക്കും. ഇതു സംബന്ധിച്ച് വില്ലുപുരം ഉൾപ്പെടുന്ന തിരുച്ചിറപ്പിള്ളി ഡിവിഷന്‍റെ അഭിപ്രായം ദക്ഷിണ റെയ്ൽവെ തേടിക്കഴിഞ്ഞു. ഇതുകിട്ടുന്ന മുറയ്ക്ക് ട്രെയിൻ നീട്ടുമെന്നാണ് വിവരം.
മധുര ഡിവിഷനു കീഴിലുള്ള പുനലൂർ – മധുര ട്രെയിൻ കൊല്ലം, തിരുവനന്തപുരം വഴിയാണ് യാത്ര. വൈകുന്നേരം 5.15ന് പുനലൂരിൽ നിന്ന് തിരിക്കുന്ന ട്രെയിൻ പുലർച്ചെ 3ന് മധുരയിലെത്തും. അവിടെ നിന്ന് രാവിലെ 8ന് വില്ലുപുരത്ത് എത്തിച്ചേരാവുന്ന വിധത്തിലാണ് ദക്ഷിണ റെയ്ൽവെ ഉദ്ദേശിക്കുന്നത്.
വില്ലുപുരത്ത് ഈ ട്രെയിൻ 8ന് എത്തിയാൽ പോണ്ടിച്ചേരിയിലേക്കുള്ള യാത്രക്കാർക്ക് ചെന്നൈയിൽ നിന്നുള്ള പോണ്ടിച്ചേരി എക്സ്പ്രസിൽ അവിടെ നിന്ന് 9.40ന് പോകാനാവും. ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് കാരക്കുടിയിൽ നിന്ന് 9.30ന് എത്തിച്ചേരുന്ന പല്ലവൻ എക്സ്പ്രസ് ലഭിക്കും. ഭാവിയിൽ ഈ ട്രെയിൻ ചെന്നൈയിലേയ്ക്കോ പോണ്ടിച്ചേരിയിലേയ്ക്കോ നീട്ടാനും സാധ്യതയുണ്ട്.
അതിനിടെ, കടുംപച്ചയും മഞ്ഞയും നിറത്തിലുള്ള ഗരീബ് രഥ് തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് ചുവപ്പും ചാരനിറവുമണിഞ്ഞ് ആധുനിക എൽഎച്ച്ബി കോച്ചുകളോടെ യാത്ര തുടങ്ങി. കോച്ചുകളുടെ എണ്ണം 15ൽ നിന്ന് 21 ആയി വർധിപ്പിച്ചതു വഴി ഓരോ ട്രിപ്പിലും 500ഓളം തേഡ് എക്കോണമി സീറ്റുകൾ അധികം ലഭിച്ചു. 2008ൽ ആരംഭിച്ച ശേഷം ഒരു മാറ്റവുമില്ലാതെ ഓടിച്ചിരുന്ന പൊട്ടിപ്പൊളിഞ്ഞ പഴയ കോച്ചുകളാണ് 16 വർഷത്തിനുശേഷം ഇപ്പോൾ മാറ്റിയത്.