ഒരുനോക്ക് കാണണം മകനെയും കഅ്ബയെയും റഹീമിനെ കാണാന്‍ ഉമ്മ റിയാദിലെത്തി
ഉംറ നിർവഹിച്ച് തിരിച്ചെത്തും
റിയാദ്: കാരുണ്യത്തിന്റെ നിഴലില്‍ കോടിക്കണക്കിന് രൂപ നല്‍കി മലയാളികള്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തിയ റഹീമിനെ തേടി ഉമ്മ റിയാദിലെത്തി. കോഴിക്കോട് സ്വദേശിയായ റഹീമിന്റെ സഹോദരനും അമ്മാവനുമാണ് ഉമ്മാക്കൊപ്പം റിയാദിലേക്ക് പുറപ്പെട്ടത്. വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതും കാത്ത് റിയാദിലെ ജയിലില്‍ കഴിയുന്ന മകനെ ഒരു നോക്ക് കാണാനും ഉംറ നിര്‍വഹിക്കാനുമാണ് ഉമ്മ പോകുന്നത്.
റഹീമിനെ കാണണമെന്ന് ഉമ്മ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മാതാവ് ഫാത്തിമയും സഹോദരന്‍ നസീറും അമ്മാവനും റിയാദിലെത്തിയത്. റിയാദ് അല്‍ ഹൈര്‍ ജയിലില്‍ കഴിയുന്ന റഹീമിനെ കാണാന്‍ അവര്‍ ശ്രമം നടത്തും. മക്കയില്‍ പോയി ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങും. ജയില്‍ മോചനം വൈകുന്ന സാഹചര്യത്തിലാണ് കുടുംബം സൗദിയിലേക്ക് തിരിച്ചത്.
അതേസമയം, റഹീമിന്റെ മോചനം സംബന്ധമായി ഇനിയും വൈകുമെന്നാണ് സൂചന. റഹീമിന്റെ മോചന ഹരജി സംബന്ധിച്ച സിറ്റിംഗ് ഈ മാസം 17ന് നടക്കും.