പാര്‍ലിമെന്റില്‍ തകര്‍പ്പന്‍ പ്രസംഗവുമായി രാഹുല്‍; സവര്‍ക്കറിനെ ഉദ്ധരിച്ച് തുടങ്ങിയ പ്രസംഗം ബി ജെ പിയെ തേച്ചൊട്ടിച്ചു
ഭരണപക്ഷ പാര്‍ട്ടിയുടെ ആശയ പാപ്പരത്തം നിരത്തി പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് ആരാകണമെന്ന് ഇന്ത്യാ മുന്നണിയില്‍ ഇനിയൊരു ചര്‍ച്ച വേണ്ടി വരില്ല. ഗാന്ധി കുടുംബത്തിലുള്ള നേതാവായത് കൊണ്ട് മാത്രമല്ല, രാഹുല്‍ ആശയപരമായി ബി ജെ പിയെയും ആര് എസ് എസിനെയും നേരിടാന്‍ കെല്‍പ്പുള്ള പോരാളിയാണെന്ന് ഒരിക്കല്‍ കൂടി വിളിച്ചോതുന്ന പ്രകടനമാണ് ഇന്ന് രാജ്യം പാര്‍ലിമെന്റില്‍ കണ്ടത്.
ഇന്ത്യന്‍ ഭരണഘടന രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയതിന്റെ 75ാം വാര്‍ഷികത്തില്‍ ബി ജെ പിയെയും ആര് എസ് എസിനെയും കടന്നാക്രമിച്ച് രാഹുല്‍ പ്രസംഗം നടത്തിയത്. ആര് എസ് എസിന്റെയും ബി ജെ പിയുടെയും താത്വിക ആചാര്യനായ സവര്‍ക്കറിനെ ഉദ്ധരിച്ച് തുടങ്ങിയ പ്രസംഗത്തിലുടനീളം ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ഭരണപക്ഷ പാര്‍ട്ടിക്ക് നേരെ തൊടുത്തുവിട്ടത്.
ഭരണഘടനയെ ഒരു കാലഘട്ടത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്ന തരത്തില്‍ തള്ളിപ്പറഞ്ഞയാളെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരായി കാണുന്നവര്‍ക്ക് ഇന്നും മനുസ്മൃതിയാണ് വലുതെന്ന പരിഹാസമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.
ഭരണഘടനയും മനുസ്മൃതിയും കയ്യിലെടുത്താണ് ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗിച്ചത്. ഭരണഘടനയ്ക്കെതിരായ സവര്‍ക്കര്‍ പറഞ്ഞ വാക്കുകള്‍ അക്കമിട്ടുനിരത്തി സവര്‍ക്കര്‍ പറഞ്ഞത് നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചത്.
ബി.ജെ.പിയുടെ അല്ല, മറിച്ച് ആര്‍എസ്എസിന്റെ ആശയങ്ങളുടെ ആധുനിക വ്യാഖ്യാനത്തിന്റെ പരമോന്നത നേതാവ് ഇന്ത്യയുടെ ഭരണഘടനയെ കുറിച്ചും എങ്ങനെ ഈ രാജ്യം ഭരിക്കണമെന്നതിനെ കുറിച്ചു പറഞ്ഞത് ഉദ്ധരിച്ചുകൊണ്ട് എന്റെ പ്രസംഗം ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗിച്ചു തുടങ്ങിയത്.
നമ്മുടെ ഭരണഘടനയില്‍ ഇന്ത്യനായതൊന്നും ഇല്ലെന്ന് സവര്‍ക്കര്‍ തന്റെ രചനകളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ ചലിപ്പിക്കുന്ന ഈ പുസ്തകത്തെ മാറ്റിസ്ഥാപിക്കണമെന്നും മനുസ്മൃതിയെന്ന ഈ പുസ്തകം കൊണ്ട് അതിനെ തള്ളിക്കളയണമെന്നുമാണ് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുള്ളത്. ഇതാണ് ഇപ്പോഴത്തെ പോരാട്ടം.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ബിജെപിയുടെയും ആര്‍എസ്എസിന്റെയും സൈദ്ധാന്തികനായി കാണുന്ന സവര്‍ക്കറിന്റെ ഭരണഘടനാ തിരസ്കാരത്തെ ചോദ്യം ചെയ്താണ് ഭരണഘടന സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പോരാട്ടത്തെ കുറിച്ച് ആവര്‍ത്തിച്ചു പറയുന്നത്.
എനിക്ക് ഭരണകക്ഷിക്കാരായ നിങ്ങളോട് ഒരു കാര്യം ചോദിക്കാന്‍ ആഗ്രഹമുണ്ട്. നിങ്ങള്‍ നിങ്ങളുടെ നേതാവിന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? നിങ്ങളുടെ നേതാവിന്റെ വാക്കുകളെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ? കാരണം നിങ്ങള്‍ പാര്‍ലമെന്റില്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ സവര്‍ക്കറെ പരിഹസിക്കുകയാണ്, നിങ്ങള്‍ സവര്‍ക്കറെ അധിക്ഷേപിക്കുകയാണ്, സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുകയാണ്. രാഹുല്‍ പറഞ്ഞു.