National

മന്‍മോഹന്‍ സിംഗിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചു; ഗുരുതര ആരോപണവുമായി രാഹുല്‍

സംസ്‌കാരത്തിന് പ്രത്യേക സ്ഥലം അനുവദിച്ചില്ലെന്ന്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരത്തിനും സ്മാരകത്തിനും പ്രത്യേക സ്ഥലം അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ അപമാനിച്ചുവെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ആഞ്ഞടിച്ചിരിക്കുന്നത്.

സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

‘ഭാരതമാതാവിന്റെ മഹാനായ പുത്രനും സിഖ് സമുദായത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് ജിയുടെ അന്ത്യകര്‍മങ്ങള്‍ നിഗംബോധ് ഘട്ടില്‍ നടത്തിയതിലൂടെ ഇപ്പോഴത്തെ സര്‍ക്കാര്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും അപമാനിച്ചിരിക്കുന്നു.’ രാഹുല്‍ കുറിച്ചു.

മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ്, സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. വാജ്‌പേയ് മരിച്ചപ്പോള്‍ പ്രത്യേക സ്ഥലം അനുവദിച്ചതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിരുന്നു.

എന്നാല്‍ മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തി സ്മാരകത്തിന് മറ്റൊരു സ്ഥലം അനുവദിക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സ്മാരകത്തിനായി സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്ന് ക്യാബിനറ്റ് യോഗത്തിനു ശേഷം കേന്ദ്രമന്ത്രി അമിത് ഷാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!