കാര്‍ ചെയ്സ് ചെയ്ത് പ്രതിഷേധക്കാര്‍; ചോക്ലേറ്റ് എറിഞ്ഞുകൊടുത്ത് രാഹുല്‍ ഗാന്ധി
പ്രതിഷേധത്തിനുള്ള ഐക്യദാര്‍ഢ്യമെന്ന് വിലയിരുത്തല്‍
കാര്‍ ചെയ്സ് ചെയ്ത് പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ക്ക് ചോക്ലേറ്റ് എറിഞ്ഞുകൊടുത്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മധുര പ്രതികരണം. ഭാര്യയുടെയും ബന്ധുക്കളുടെയും ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന യുവാവിന്റെ ചിത്രവുമേന്തി പ്രതിഷേധിച്ചവരെയാണ് രാഹുല്‍ ഗാന്ധി സ്നേഹത്തോടെ വരവേറ്റത്.
ഉത്തര്‍ പ്രദേശുകാരനും ബെംഗളൂരുവില്‍ ടെക്കിയായി ജോലി ചെയ്തുവരികയുമായിരുന്ന അതുല്‍ സുഭാഷ് എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാക്കാനും വിഷയം പാര്‍ലിമെന്റില്‍ ഉന്നയിക്കാനും ആവശ്യപ്പെട്ട് മാന്യമായി പ്രതികരിച്ചവരോടാണ് രാഹുല്‍ സ്നേഹത്തോടെ പെരുമാറിയത്.
രാഹുലിന്റെ കാറിന് സമാന്തരമായി വാഹനം ഓടിക്കുന്ന യുവതിയടങ്ങുന്ന സംഘം അതുല്‍ സുഭാഷിന്റെ ചിത്രം ഉയര്‍ത്തുന്നതും സംഭവത്തെ കുറിച്ച് പറയുന്നതിന്റെയും വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരുപാട് നേരം വിഷയം ഉന്നയിച്ചപ്പോള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി രാഹുല്‍ അത് കേള്കുന്നതും തന്റെ കാറില്‍ നിന്ന് എന്തോ ഒന്ന് എറിഞ്ഞു കൊടുക്കുന്നതും വീഡിയോയിലുണ്ട്.
കിറ്റ്കാറ്റിന്റെ ചോക്ലേറ്റാണ് തങ്ങളുടെ കാറിലേക്ക് എറിഞ്ഞതെന്ന് പിന്നീട് പ്രതിഷേധക്കാര്‍ അറിയിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട് ടെക്കിയുടെ ഭാര്യ, ഭാര്യാമാതാവ്, ഭാര്യയുടെ സഹോദരന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍ പ്രദേശില്‍ വെച്ചായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ നിഖിതയും അമ്മ നിഷയും സഹോദരന് സുശീലമാണ് അറസ്റ്റിലായത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ അതുല്‍ സുഭാഷ് ബെംഗളൂരുവിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ചത്. പീഡന പരാതി പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ടതടക്കമുള്ള മാനസിക പീഡനങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന 24 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചായിരുന്നു അതുലിന്റെ ആത്മഹത്യ.