റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്; ഭവന, വാഹന വായ്പ പലിശ കുറയും
റിപ്പോ നിരക്ക് കുറച്ച് ആർബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 6.5 ശതമാനത്തിൽ നിന്ന് 6.25 ശതമാനമാക്കി. 5 വർഷത്തിനിടെ ആദ്യമായാണ് നിരക്ക് കുറക്കുന്നത്. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആർബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതൽ റിപ്പോ 6.5 ശതമാനത്തിൽ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കിൽ ആർബിഐ മാറ്റം വരുത്തിയത്. അന്ന് പണപ്പെരുപ്പം പിടിച്ചുനിർത്താനായി റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിരുന്നു.
ശക്തികാന്ത ദാസിന് ശേഷം ആർബിഐ ഗവർണയായി സഞ്ജയ് മൽഹോത്ര ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ എംപിസി യോഗമാണ് ഇത്. ആറംഗ പണ സമിതി യോഗത്തിൽ ഗവർണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.