സംസ്ഥാനത്തിന് ആശ്വാസം; വയനാട് ദുരന്തം അതീവ ഗുരുതരമെന്ന് കേന്ദ്രവും: പരിഗണിക്കുന്നത് 2219 കോടിയുടെ പാക്കേജ്
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഞെട്ടിച്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ കേന്ദ്രം ഉള്‍പ്പെടുത്തി. ദേശീയ ദുരന്തരമായി പരിഗണിക്കണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നാണ് വിവരം. 2219 കോടി രൂപയുടെ പാക്കേജാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പാക്കേജ് സംബന്ധിച്ച് സമിതി പരിശോധിച്ചു വരികയാണ്. എന്നാല്‍ കേരളം ആവശ്യപ്പെട്ടത് പോലെ ലെവല്‍ മൂന്ന് വിഭാഗത്തിലാണോ കേന്ദ്രം വയനാട് ദുരന്തം പരിഗണിക്കുന്നതെന്ന് വ്യക്തമല്ല.
സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ കേരളത്തിന്റെ 783 കോടി രൂപയുണ്ടെന്ന് കേന്ദ്രം പറയുന്നു. നവംബര്‍ 16ന് 153 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മാസങ്ങളായി ദുരന്ത ബാധിതര്‍ ദുരിത ജീവിതം നയിക്കുകയാണ്.