വിഖ്യാത സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

പ്രശസ്ത സംവിധായകനും ഛായഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. ഉദാര ശിരോമണി റോഡിലെ വസതിയായ പിറവിലായിരുന്നു അന്ത്യം. ഏറെക്കാലമായി അർബുദ രോഗബാധിതനായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്
മലയാള സിനിമയുടെ ഖ്യാതി ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഉയർത്തിയ പ്രതിഭയാണ് വിടവാങ്ങിയത്. ഛായഗ്രഹകനായാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. 40ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചു.
പിറവിയാണ് ആദ്യ സംവിധാന സംരംഭം. മലയാള സിനിമാ രംഗത്തെ നാഴികക്കല്ലായി രേഖപ്പെടുത്തി ചിത്രം കൂടിയാണ് പിറവി. 1989ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശവും ചിത്രത്തിന് ലഭിച്ചിരുന്നു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമായി ഇപ്പോഴും തുടരുന്നു
കേരള സംസ്ഥാന ചലചിത്ര അക്കാദമിയുടെ അധ്യക്ഷനായിരുന്നു. ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2023ൽ ജെ സി ഡാനിയൽ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.