Kerala
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. വിചാരണ കോടതിയിലാണ് നടി ഹർജി നൽകിയത്. നിരവധി തെളിവുകളുള്ള കേസിൽ തെളിവില്ലെന്ന് പറയുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ വാദം
ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും. അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം ഇന്ന് തുടങ്ങിയേക്കും. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ സാക്ഷി വിസ്താരം ഒരു മാസം മുമ്പ് പൂർത്തിയായിരുന്നു.
സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷൻ വാദമാണ് ആദ്യം. തുടർന്ന് പ്രതിഭാഗം മറുപടി നൽകും. കേസിൽ അടുത്ത മാസം വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.