ഹെൽമെറ്റില്ലാത്തതിന് 9000 രൂപ പിഴ! പോലീസിനെ ചോദ്യം ചെയ്തതിന് ‘പണി കിട്ടിയെന്ന്’ യുവാവ്, ബസിന്റെ പിഴയും ചുമത്തി

ഇടുക്കി: ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് തനിക്ക് 9000 രൂപ പിഴ ചുമത്തിയതിൽ ദുരൂഹതയുണ്ടെന്ന് യുവാവ്. പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനുള്ള പ്രതികാര നടപടിയാണിതെന്നും, ബസുകൾക്ക് ചുമത്തുന്ന പിഴ ഉൾപ്പെടെ തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും യുവാവ് ആരോപിച്ചു.
അച്ഛൻകുന്നം സ്വദേശിയായ രാഹുലാണ് വണ്ടൻമേട് എസ് ഐ ബിനോയ് എബ്രഹാമിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. രാഹുലും സഹോദരനും ബൈക്കിൽ ഹെൽമെറ്റില്ലാതെ സഞ്ചരിക്കുമ്പോൾ പോലീസ് പരിശോധന കണ്ട് വാഹനം തിരിച്ചു. എന്നാൽ പോലീസ് പിന്തുടർന്ന് ബൈക്കിന് കുറുകെ ജീപ്പ് വെച്ച് തടയുകയായിരുന്നു. തുടർന്ന് ഇരുവരുടെയും ശരീരം പരിശോധിച്ച ശേഷം 6000 രൂപ പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചെങ്കിലും, പിറ്റേദിവസം പരിശോധിച്ചപ്പോൾ 9000 രൂപയാണ് പിഴയെന്ന് രാഹുൽ പറയുന്നു.
ഹെൽമെറ്റ് ധരിക്കാത്തത് ഒഴിച്ചാൽ, റൂട്ട് വെട്ടിച്ചുരുക്കുന്നതിന് ബസുകൾക്ക് ഈടാക്കുന്ന പിഴ, റേസിങ്ങിന് ചുമത്തുന്ന പിഴ എന്നിവയും തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് രാഹുൽ കണ്ടെത്തി. കുണ്ടും കുഴിയുമുള്ള റോഡായതിനാൽ താൻ പതിയെയാണ് വണ്ടിയോടിച്ചതെന്നും, തന്നെ അസഭ്യം പറഞ്ഞതിന് പ്രതികാരമായാണ് ഈ പിഴ ചുമത്തിയതെന്നും രാഹുൽ ആരോപിക്കുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും രാഹുൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, കൈ കാണിച്ചിട്ടും നിർത്താതെ പോയപ്പോൾ രാഹുലും സഹോദരനും തട്ടിക്കയറിയെന്നും, ചെയ്ത കുറ്റങ്ങൾക്ക് തന്നെയാണ് പിഴ ചുമത്തിയതെന്നുമാണ് എസ് ഐ ബിനോയിയുടെ വിശദീകരണം. തെറ്റായി ചുമത്തിയ വകുപ്പുകൾ ഒഴിവാക്കുമെന്നും എസ് ഐ വ്യക്തമാക്കി.