ആർജി കർ മെഡിക്കൽ കോളേജിലെ പീഡന കൊലപാതകം; കോടതി വിധി നാളെ
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കോടതി വിധി നാളെ. കൊൽക്കത്ത സീൽദാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 2024 ഓഗസ്റ്റ് 9നാണ് രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ സഞ്ജയ് റോയി എന്ന പ്രതി അതിക്രൂരമായി പീഡിപ്പിച്ച് കൊന്നത്
മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വെച്ചാണ് വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായതും കൊല്ലപ്പെട്ടതും. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതോടെ അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. 31കാരിയായ ഡോക്ടറുടെ മൃതദേഹം അർധ നഗ്നമായ നിലയിലും സ്വാകര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലുമായിരുന്നു.
സാമൂഹ്യ സന്നദ്ധ സേനാംഗമാണ് പ്രതിയായ സഞ്ജയ് റോയി. ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ഇതേ ആശുപത്രിയിൽ മുമ്പ് നടന്ന പല മരണങ്ങളിലും സംശയങ്ങൾ ഉടലെടുത്തിരുന്നു. 2020ൽ പൗലാമി എന്ന വിദ്യാർഥിനിയെ ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 2003ൽ എംബിബിഎസ് ഇന്റേണി ആയിരുന്ന സുവോരോജ്യോതി ദാസ് എന്ന 23 കാരി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതിലും സംശയം ഉണർന്നിരുന്നു. 2001ൽ സൗമിത്ര ബിശ്വാസ് എന്ന വിദ്യാർഥിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഇതെല്ലാം കൊലപാതകമെന്നാണ് സംശയമുണർന്നത്.