സബർമതി എക്‌സ്പ്രസ് പാളം തെറ്റിയതിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ; അന്വേഷണം ആരംഭിച്ചു
ഉത്തർപ്രദേശിലെ കാൺപൂരിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റിയതിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ. സബർമതി എക്‌സ്പ്രസിന്റെ എൻജിൻ ട്രാക്കിൽ വെച്ചിരുന്ന പാറക്കഷ്ണം പോലുള്ള വസ്തുവിൽ ഇടിക്കുകയും പാളം തെറ്റുകയുമായിരുന്നു. ട്രെയിനിന്റെ 20 കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്
ഇന്ന് പുലർച്ചെ 2.30നാണ് അപകടമുണ്ടായത്. സംഭവത്തിൽ ഐബിയും യുപി പോലീസും അന്വേഷണം ആരംഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പങ്കില്ലെന്നും റെയിൽവേ മന്ത്രി അറിയിച്ചു.
ഝാൻസിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്ന ട്രെയിനാണിത്. പോലീസും ഫയർ ഫോഴ്സും ആംബുലൻസുകളുമെത്തി ആളുകളെ മാറ്റി
യാത്രക്കാരെ ബസുകളിൽ കയറ്റി അടുത്ത സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്ന് സ്പെഷ്യൽ ട്രെയിനിൽ ഇവർക്ക് യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഏഴ് ട്രെയിനുകൾ റദ്ദാക്കി.