സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; പ്രതിയെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് ബാന്ദ്രാ കോടതി
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ബംഗ്ലാദേശ് വംശജനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷഹ്സാദിനെ (30) ആണ് ബാന്ദ്ര കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ബംഗ്ലാദേശ് പൗരനായ പ്രതി അനധികൃതമായി ഇന്ത്യയിൽ കടന്നത് എന്തിനാണെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ കണ്ടെത്താനുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, മുഹമ്മദ് ഷരീഫുൾ വർഷങ്ങളായി മുംബൈയിൽ താമസിക്കുന്നുയാളാണെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതിന്റെ രേഖകൾ കൈവശമുണ്ട്. ഇയാൾ സ്ഥിരം കുറ്റവാളിയല്ല. ഒരു ബോളിവുഡ് നടനുമായി ബന്ധപ്പെട്ട കേസായതിനാൽ തൻ്റെ കക്ഷിയെ പൊലീസ് ബലിയാടാക്കുകയാണെന്ന്, പ്രതിഭാഗം വാദിച്ചു.
ജനുവരി 24വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതി ആറു മാസം മുമ്പാണ് മുംബൈയിൽ എത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീക്ഷിത് ഗെഡാം പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് കടന്ന ശേഷം ഇയാൾ വിജയ് ദാസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ 2 നും 2.30 നും ഇടയിലാണ് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്റെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയ പ്രതി നടനെ കുത്തിപ്പരുക്കേൽപ്പിച്ചത്. ആറു തവണയോളം സെയ്ഫിനെ കുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് സുഖം പ്രാപിച്ചു വരികയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നടനെ ഡിസ്ചാർജ് ചെയ്യാമെന്നാണ് കരുതുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.