സെഞ്ച്വറിയുമായി സൽമാൻ നിസാറിന്റെ ഒറ്റയാൾ പോരാട്ടം; ജമ്മു കാശ്മീരിനെതിരെ ഒറ്റ റൺ ലീഡുമായി കേരളം
![](https://metrojournalonline.com/wp-content/uploads/2025/02/salman-nisar-780x470.avif)
രഞ്ജി ട്രോഫിയിൽ സെമി പ്രതീക്ഷകൾ സജീവമാക്കി കേരളം. ക്വാർട്ടറിൽ ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ നിർണായകമായ ഒറ്റ റൺ ലീഡ് കേരളം സ്വന്തമാക്കി. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിൽ സെമിയിൽ കയറാമെന്ന ജമ്മു കാശ്മീരിന്റെ മോഹം തല്ലിക്കെടുത്തിയത് സെഞ്ച്വറിയുമായി ഒറ്റയാൾ പോരാട്ടം നടത്തിയ സൽമാൻ നിസാറാണ്.
പത്താം വിക്കറ്റിൽ ബേസിൽ തമ്പിയെയും കൂട്ടുപിടിച്ച് സൽമാൻ നിസാർ കൂട്ടിച്ചേർത്തത് 81 റൺസാണ്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ശേഷിക്കുന്ന ഒരു വിക്കറ്റും സ്വന്തമാക്കി ലീഡ് നേടാമെന്ന ജമ്മു കാശ്മീരിന്റെ മോഹം ഗ്രൗണ്ടിൽ പൊലിയുന്നതാണ് പിന്നീട് കണ്ടത്
85 ഓവറിൽ കേരളം 281 റൺസിന് പുറത്തായെങ്കിലും ഒരു റൺസിന്റെ ലീഡ് സ്വന്തമാക്കനായി. ജമ്മു കാശ്മീർ ഒന്നാമിന്നിംഗ്സിൽ 280 റൺസിന് പുറത്തായിരുന്നു. സൽമാൻ നിസാർ 172 പന്തിൽ 12 ഫോറും നാല് സിക്സും സഹിതം 112 റൺസുമായി പുറത്താകാതെ നിന്നു. ബേസിൽ തമ്പി 35 പന്തിൽ 15 റൺസെടുത്തു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ജമ്മു കാശ്മീർ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ്. യാവർ ഹസൻ ഒമ്പത് റൺസുമായും വിവ്രാന്ത് ശർമ ഒരു റൺസുമായും ക്രീസിലുണ്ട്.