കാന്തപുരത്തെ പിന്തുണച്ചാല്‍ മാത്രം പോരാ…; പി എം എ സലാമിനെ ഊക്കി ജിഫ്രി തങ്ങള്‍
പണ്ഡിതന്മാരെ പരിഹസിക്കുന്നത് അവസാനിപ്പിക്കണം
മെക് 7 വിഷയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ വിമര്‍ശിച്ച മുസ്ലിം ലീഗിനെ ഊക്കി സമസ്ത ഇ കെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് ആരോഗ്യ പരിശീലനം നടത്തുന്നതിനെതിരെ മതവിധി പറഞ്ഞതിന് സി പി എം വിമര്‍ശനം നേരിട്ട കാന്തപുരത്തെ പിന്തുണച്ച മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ സലാമിന്റെ നിലപാടാണ് ജിഫ്രി തങ്ങളെ ചൊടിപ്പിച്ചത്.
സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധരായ പണ്ഡിതന്മാരെ നിരന്തരം വിമര്‍ശിക്കുന്ന പി എം എ സലാമിനെ അവസരത്തിനൊത്ത് ഒളിയമ്പുമായി വന്നിരിക്കുകയാണ് തങ്ങള്‍.
കാന്തപുരത്തിന്റെ മതവിധിയെ പിന്തുണച്ചാല്‍ മാത്രം പോരായെന്നും പരിപാടികളില്‍ അത് നടപ്പാക്കണമെന്നുമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഒളിയമ്പ്.
‘കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് സ്ത്രീകളെ സംബന്ധിച്ച മതവിധി പറഞ്ഞപ്പോള്‍ ചിലരൊക്കെ പിന്തുണച്ചുവെന്ന് പറഞ്ഞു. പിന്തുണച്ചാല്‍ പോരായെന്നാണ് എനിക്ക് പറയാനുള്ളത്. അത് നടപ്പില്‍ വരുത്താന്‍ കൂടി ശ്രമിക്കണം’ എന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമര്‍ശം.
മതവിധി പറയുന്ന പണ്ഡിതന്മാരെ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. സമസ്ത കൊണ്ടോട്ടി താലൂക്ക് പണ്ഡിത സമ്മേളനത്തിലായിരുന്നു സമസ്ത അധ്യക്ഷന്റെ പരാമര്‍ശം.