സാംസങ്ങ് 51,569,790,000 രൂപ അടയ്ക്കണം; നികുതി വെട്ടിപ്പിൽ നടപടിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ദക്ഷിണ കൊറിയൻ ടെക് കമ്പനി സാംസങ്ങിനോട് വൻതുക പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാർ. ഏറെക്കാലമായുള്ള നികുതിയും പിഴയും ഉൾപ്പെടെ 601 മില്യൺ ഡോളർ അതായത് 51,569,790,000 രൂപ. രാജ്യത്ത് പ്രധാനപ്പെട്ട ടെലികോം എക്വിപ്മെന്റുകൾ എത്തിക്കുന്നതിനായുള്ള താരിഫുകൾ തുടർച്ചയായി അവഗണിച്ചുവെന്നും കേന്ദ്രം ആരോപിക്കുന്നു. ഇതാദ്യമായാണ് ഇന്ത്യൻ സർക്കാർ ഇത്ര വലിയ തുക അടയ്ക്കാൻ ആവശ്യപ്പെടുന്നത്. ഇന്ത്യൻ വിപണിയിൽ നിന്ന് കഴിഞ്ഞ വർഷം 955 മില്യൺ ഡോളറാണ് സ്വന്തമാക്കിയത്. ഇതിന്റെ നിശ്ചിത ഭാഗമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സ്മാർട്ഫോണുകൾ ഉൾപ്പെടെ നിരവധി ഇലക്ട്രിക് വസ്തുക്കൾ വിൽക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനികളിൽ ഒന്നാണ് സാംസങ്. അതേ സമയം ഈ ഉത്തരവിനെ നിയമപരമായി നേരിടാനാണ് സാംസങ് തീരുമാനിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ടെലികോം ഉത്പന്നങ്ങൾ രാജ്യത്തെ ശ്യംഖലകൾ വഴി ഇറക്കുമതി ചെയ്യുമ്പോൾ താരിഫ് ഒഴിവാക്കുന്നതിനായി കുറച്ചു കാണിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2023ൽ സാംസങിന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോക്കു വേണ്ടിയാണ് മൊബൈൽ ടവറിനു വേണ്ടിയുള്ള വസ്തുക്കൾ സാംസങ്ങ് ഇറക്കുമതി ചെയ്ത് വിറ്റത്. എന്നാൽ ഈ ഉപകരണങ്ങളൊന്നും നികുതി ആവശ്യമില്ലാത്തവയാണെന്നും വർഷങ്ങളായി ഇതേക്കുറിച്ച് അധികൃതർക്ക് അറിയാം എന്നുമാണ് സാംസങ്ങിന്റെ വാദം.