സന്ദീപ് വാര്യരെ ഒഴിവാക്കി ബി ജെ പി ഫോളോവേഴ്‌സ്; രക്ഷക്കെത്തി കോണ്‍ഗ്രസ്, ലീഗ് അണികള്‍
രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 12,000 ഫോളോവേഴ്‌സ്
ബി ജെ പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരെ കൈയ്യൊഴിഞ്ഞ് ഫേസ്ബുക്കിലെ ഫോളോവേഴ്‌സ്. ബി ജെ പി, ആര്‍ എസ് എസ് അണികളാണ് കൂട്ടത്തോടെ സന്ദീപിനെ അണ്‍ഫോളോ ചെയ്തത്. സന്ദീപിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ കോണ്‍ഗ്രസ്, ലീഗ് സൈബര്‍ പോരാളികള്‍ ഒറ്റക്കെട്ടായി ഇറങ്ങിയത് അദ്ദേഹത്തിന് വലിയ ആശ്വാസമായി.
ബിജെപി വിട്ടതിന് പിന്നാലെയാണ് സന്ദീപിനെ സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്സും കൈയൊഴിഞ്ഞത്. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് 48 മണിക്കൂറിനുള്ളില്‍ 12000 ത്തിലേറെ ഫോളോവേഴ്സിനെയാണ് സന്ദീപ് വാര്യര്‍ക്ക് ഫേസ്ബുക്കില്‍ നഷ്ടമായിരിക്കുന്നത്.
ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സന്ദീപ് വാര്യര്‍ പാര്‍ട്ടി വക്താവും ചാനല്‍ ചര്‍ച്ചയിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു. സോഷ്യല്‍ മീഡിയയിലും എതിരാളികളുടെ വാദങ്ങളെ ഖണ്ഡിക്കുന്ന പല പോസ്റ്റുകളും അദ്ദേഹം പങ്ക് വെക്കാറുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനത്തെ ബിജെപിയുടെ ഉന്നത നേതാക്കളായ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍, ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്ക് സമാനമായ പിന്തുണ സോഷ്യല്‍ മീഡിയയില്‍ സന്ദീപിനുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലെത്തുന്നത്. ആ സമയം സന്ദീപിന് 3.17 ലക്ഷം ഫോളോവേഴ്സായിരുന്നു ഫേസ്ബുക്കില്‍ ഉണ്ടായിരുന്നത്. അന്ന് രാത്രി തന്നെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തിരുന്നു. ഈ സമയമായപ്പോഴേക്കും അദ്ദേഹത്തിന് 9000 ഫോളോവേഴ്സിനെ നഷ്ടപ്പെട്ടു.
എന്നാല്‍ ബിജെപിക്കാര്‍ കൈയൊഴിഞ്ഞ സന്ദീപിനെ സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയാണ്. ഇന്ന് രാവിലെ 2.99 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന സന്ദീപിന്റെ അക്കൗണ്ട് ഇപ്പോള്‍ വീണ്ടും 3.10 ലക്ഷം ഫോളോവേഴ്സ് എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ഫേസ്ബുക് പേജിന്റെ ബയോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന് സന്ദീപ് മാറ്റുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, സന്ദീപിന്റെ ഫോളോവേഴ്‌സില്‍ ആരൊക്കെയുണ്ട് എന്ന് കാണാന്‍ സാധിക്കുകയില്ല. പ്രൈവസി മാറ്റിയതാണ് ഈ സൗകര്യം നഷ്ടമായത്. അതിനാല്‍, ഫോളോവേഴ്‌സില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഇനിയുമുണ്ടെങ്കില്‍ ഒരുപക്ഷെ അവരും സന്ദീപിനെ കൈയൊഴിഞ്ഞേക്കും.