സഞ്ജുവിന് ആശ്വസിക്കാം തിലക് വര്‍മയേക്കാളും മെച്ചമാണ്…
മുഷ്താഖ് അലി ട്രോഫിയില്‍ ഹൈദരബാദും പുറത്ത് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും പിന്നീട് വന്ന മുഷ്താഖ് അലി ടി20 ട്രോഫി മത്സരത്തിലും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെയും ഹൈദരബാദിന്റെയും താരമായ തിലക് വര്‍മയെ ഓര്‍ത്ത് കേരളത്തിന്റെ സഞ്ജു സാംസണ് സമാധാനിക്കാം. ദേശീയ ടി20 ചാമ്പ്യന്‍ഷിപ്പായ മുഷ്താഖ് അലി ട്രോഫിയിലേക്ക് ഇരുവരും വണ്ടി കയറിയത് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ ഉജ്ജ്വല പ്രകടനത്തിന്റെ തേരേറിയായിരുന്നു. എന്നാല്‍, രണ്ട് മത്സരത്തില്‍ തോറ്റ് കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ സഞ്ജുവിനെതിരായ ആരാധക അമര്‍ഷം പുറത്തെത്താന്‍ തുടങ്ങി. മഹാരാഷ്ട്രയോടും ആന്ധ്ര പ്രദേശിനോടും തോറ്റാണ് കേരളം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകലിന്റെ വക്കിലെത്തിയത്. ഇന്നത്തെ മുംബൈ - ആന്ധ്ര മത്സരത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ കേരളത്തിന് ക്വാര്‍ട്ടര്‍ സാധ്യതയുള്ളൂ.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം വാനോളം പുകഴ്ത്തലുകള്‍ കേട്ട് ഇന്ത്യന്‍ ഓപ്പണിംഗ് സ്ഥാനമടക്കമുള്ള സ്വപ്‌നങ്ങളും കണ്ടാണ് സഞ്ജു കേരള ടീമിനെ നയിക്കാന്‍ മുഷ്താഖ് അലി ട്രോഫിയില്‍ എത്തുന്നത്. എന്നാല്‍, ആദ്യ കളിയില്‍ തിളങ്ങിയ സഞ്ജുവിന്റെ തിളക്കം മങ്ങിത്തുടങ്ങി. മുംബൈയെ തറപറ്റിച്ച് കേരളം വിപ്ലവം സൃഷ്ടിച്ച കളിയിലും ആന്ധ്രക്കെതിരായ നിര്‍ണായക മത്സരത്തിലും മോശം പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇതോടെ ആരാധകര്‍ അമര്‍ഷം വ്യക്തമാക്കി രംഗത്തെത്തി. ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകാന്‍ പോലും യോഗ്യനാണ് സഞ്ജുവെന്നും പല ആരാധകരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അവരെയെല്ലാം നിരാശരാക്കുന്ന പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സഞ്ജുവിനും ആശ്വസിക്കാനുള്ള വകുപ്പുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സഞ്ജുവിനെ പോലെ തിളങ്ങിയ തിലക് വര്‍മയാണ് സഞ്ജുവിന് ആശ്വസിക്കാനുള്ള വകുപ്പ് നല്‍കുന്നത്. തിലക് നയിച്ച ഹൈദരബാദിന്റെ അവസ്ഥ കേരളത്തിനേക്കാളും കഷ്ടമാണ്. ആറ് മത്സരങ്ങളില്‍ ആകെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ഹൈദരബാദിന് ജയിക്കാനായത്. മറ്റ് നാല് മത്സരങ്ങളിലും തോറ്റ ഹൈദരബാദ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. കേരളം മൂന്നാം സ്ഥാനത്താണെന്ന് സമാധാനം സഞ്ജുവിനുണ്ട്. ഇന്ന് നടന്ന മിസോറാമുമായുള്ള മത്സരത്തിലും ബിഹാര്‍, മേഘാലയ എന്നിവരോടുമാണ് ഹൈദരബാദ് വിജയിച്ചത്. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍ എന്നീ ടീമുകളോട് ഹൈദരബാദ് തോല്‍വി ഏറ്റുവാങ്ങി.
എന്നിരുന്നാലും സഞ്ജുവിനേക്കാളും വ്യക്തികത പ്രകടനം കാഴ്ചവെച്ചത് തിലക് വര്‍മയാണ്. അഞ്ച് മത്സരങ്ങളഇല്‍ നിന്നായി 70.25 ആവറേജില്‍ 281 റണ്‍സ് നേടിയ തിലകാണ് ഇപ്പോള്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍. കരുത്തരടങ്ങിയ എ ഗ്രൂപിലായിരുന്നു ഹൈദരബാദുണ്ടായിരുന്നത്.