Sports

ഹീറോയില്‍ നിന്ന് സീറോയിലേക്ക്; സഞ്ജുവിനെ ആരാധകരും തഴഞ്ഞ് തുടങ്ങിയോ…?

ഐ പി എല്ലിലും തിളങ്ങിയില്ലെങ്കില്‍ സഞ്ജുവിന് വീട്ടിലിരിക്കാം

ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20യിലെ ഞെട്ടിക്കുന്ന പ്രകടനം. അതിന് ശേഷം മുഷ്താഖ് അലി ടി20യിലെ ആദ്യ മത്സരത്തിലും മിന്നുന്ന പ്രകടനം. പിന്നീട് സഞ്ജു സാംസണ്‍ ഫ്‌ളോപ്പായി തുടങ്ങി. ഓരോ ഫ്‌ളോപ്പില്‍ നിന്നും സഞ്ജു തിരിച്ചുവരുമെന്ന് കരുതിയ ആരാധകരെ നിരാശരാക്കി മോശം പ്രകടനമാണ് അവസാന മത്സരത്തില്‍ വരെ അദ്ദേഹം കാഴ്ചവെച്ചത്. വരാനിരിക്കുന്ന ഐ പി എല്ലില്‍ രാജസ്ഥാനെ നയിക്കുന്ന സഞ്ജു അവിടെയും ഫ്‌ളോപ്പായാല്‍ പിന്നീട് തിരിച്ചുവരാനാകാത്ത ക്രിക്കറ്റ് ലോകമായിരിക്കും അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ഓപ്പണിംഗും ക്യാപ്റ്റന്‍സിയുമൊക്കെ ലഭിക്കുമെന്ന് കരുതിയ താരം ഒരു ആഭ്യന്തര ടൂര്‍ണമെന്റില്‍ ഇത്രയും ഫ്‌ളോപ്പാകുന്നത് ഏറെ ദയനീയമാണ്.

അതേസമയം, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെല്ലാം മുഷ്താഖ് അലി ട്രോഫിയില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതില്‍ സഞ്ജുവിനൊപ്പം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ മത്സരിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത തിലക് വര്‍മയുടെ ഫോം പറയത്തക്കമുണ്ട്. റെക്കോര്‍ഡ് നേട്ടമാണ് തിലക് വര്‍മ കൈവരിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ടീമിനൊപ്പം ടി20യില്‍ ഓപ്പണറായി കസറിയ സഞ്ജുവിന് കേരളാ ടീമില്‍ ഇതേ റോള്‍ ഏറ്റെടുത്തപ്പോള്‍ അത്രത്തോളം തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും സഞ്ജു ഓപ്പണ്‍ ചെയ്യണമോയെന്ന കാര്യം സംശയത്തിലുമായിരിക്കുകയാണ്.

മുഷ്താഖ് അലി ട്രോഫിയില്‍ ആറു മല്‍സരങ്ങളാണ് കേരളത്തിനു ഗ്രൂപ്പുഘട്ടത്തിലുണ്ടായിരുന്നത്. ഇതില്‍ അഞ്ചെണ്ണത്തിലാണ് സഞ്ജു കളിച്ചത്. ഇവയിലെല്ലാം അദ്ദേഹം ഓപ്പണറായി ബാറ്റ് വീശുകയും ചെയ്തു. പക്ഷെ ഒരേയൊരു ഫിഫ്റ്റി മാത്രമേ അഞ്ചിന്നിങ്സുകളില്‍ നിന്നും താരം നേടിയിട്ടുള്ളൂ. ഇതു മാത്രമല്ല ഗ്രൂപ്പുഘട്ടത്തില്‍ ശക്തരായ എതിരാളുകള്‍ക്കെതിരേ മുട്ടിടിച്ച സഞ്ജുവിനു ചെറിയ ടീമുകള്‍ക്കെതിരേ മാത്രമാണ് തിളങ്ങാനും കഴിഞ്ഞിട്ടുള്ളത്.

ഇന്ത്യക്കൊപ്പം അവസാനത്തെ രണ്ടു ടി20 പരമ്പരകളിലായി മൂന്നു സെഞ്ച്വറികള്‍ വാരിക്കൂട്ടി ഹീറോയാവാന്‍ സഞ്ജു സാംസണിനായിരുന്നു. അതുകൊണ്ടു തന്നെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അദ്ദേഹം കേരളത്തിനായി കളിക്കാനിറങിയപ്പോള്‍ പ്രതീക്ഷകളും വാനോളമായിരുന്നു. കേളത്തിന്റെ കുപ്പായത്തിലും ഓപ്പണറായി ഒന്നോ, രണ്ടോ സെഞ്ച്വറികള്‍ സഞ്ജു തീര്‍ച്ചയായും കുറിക്കുമെന്നും ആരാധകര്‍ സ്വപ്നം കണ്ടു.പ ക്ഷെ ഈ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കേരളാ ക്യാപ്റ്റനു കഴിഞ്ഞില്ല. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 149.45 സ്ട്രൈക്ക് റേറ്റില്‍ 136 റണ്‍സ് മാത്രമാണ് സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായത്.

ആറ് മത്സരങ്ങളില്‍ രണ്ട് തോല്‍വിയുമായി മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാനും സാധിക്കില്ല. അങ്ങനെ വന്നാല്‍ അത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെയും ബാധിച്ചേക്കും.

Related Articles

Back to top button