രണ്ടാം സെഞ്ച്വറിയെ കുറിച്ച് സഞ്ജു; കൂടുതലൊന്നും പ്രതികരിക്കുന്നില്ല; ഇനിയും ഡക്കാകാനില്ല
ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തി സഞ്ജുവിന്റെ പ്രതികരണം
ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം സെഞ്ച്വറിയോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റേതായ ഇടം നേടിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്. ആദ്യ സെഞ്ച്വറിക്ക് ശേഷം രണ്ട് ഡക്കുകള്‍ തുടരെ തുടരെ നേരിട്ട താരത്തിന് ഇപ്പോള്‍ ഡക്ക് പേടി വിട്ടുമാറിയിട്ടില്ല. ആദ്യ സെഞ്ച്വറിക്ക് ശേഷം നടത്തി പ്രതികരണമാണോ തന്റെ ഡബിള്‍ ഡക്കിന് കാരണമെന്ന് സഞ്ജു വിശ്വസിക്കുന്നുണ്ട്.
അവസാന ടി20യിലെ കൂറ്റന്‍ സെഞ്ച്വറിയെ കുറിച്ച് ചോദിച്ചപ്പോഴാണ് താരത്തിന്റെ ഈ പേടി ആരാധകര്‍ മനസ്സിലാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം സെഞ്ച്വറി നേട്ടത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നാണ് സഞ്ജു വ്യക്തമാക്കിയത്. കഴിഞ്ഞ പ്രാവശ്യം സെഞ്ച്വറി നേടിയതിന് ശേഷം കൂടുതല്‍ സംസാരിച്ചെന്നും എന്നാല്‍ അതിന് പിന്നാലെ രണ്ടു മത്സരങ്ങളില്‍ ഡക്കായെന്നും സഞ്ജു പറഞ്ഞു. ‘അതുകൊണ്ട് തന്നെ കൂടുതലൊന്നും പറയുന്നില്ല. ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച് പറയാനുള്ളത് കൂടി അന്ന് പറഞ്ഞതായി കണക്കാക്കണമെന്നും’ തമാശ കലര്‍ത്തിയ ഭാഷയില്‍ സഞ്ജു പറഞ്ഞു.
ജീവിതത്തില്‍ ഞാന്‍ ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ നേടിയതിന് പിന്നാലെ രണ്ടു ഡക്കുകള്‍. അപ്പോഴും ഞാന്‍ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. തിരിച്ചുവരാന്‍ കഴിയുമെന്ന് സ്വയം വിശ്വസിച്ചു. മനസ്സില്‍ പറഞ്ഞു. കഠിനാധ്വാനം ചെയ്തു. ഒരുപാട് ചിന്തകളിലൂടെയാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. പിന്നീട് ചിന്തകള്‍ മാറ്റിവെച്ച് പന്തുകള്‍ നേരിടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അത് വിജയിച്ചു,’ സഞ്ജു കൂട്ടിച്ചേര്‍ത്തു. തിലക് വര്‍മയുമായുള്ള കൂട്ടുകെട്ടിനെ കുറിച്ചും സഞ്ജു പറഞ്ഞു. ‘തിലക് ചെറുപ്പമാണ്, ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമാണ്, അദ്ദേഹത്തോടൊപ്പം ഇത്തരമൊരു കൂട്ടുകെട്ട് സൃഷ്ടിക്കാനായതില്‍ സന്തോഷമുണ്ടെന്നും’ സഞ്ജു പറഞ്ഞു.
സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിക്ക് ശേഷം ധോണി, ദ്രാവിഡ്, രോഹിത്ത് ശര്‍മ എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയ സഞ്ജുവിന്റെ പിതാവിനെതിരെയും ചില ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. നന്ദിയില്ലാത്ത പ്രതികരണമാണ് പിതാവ് നടത്തിയതെന്നായിരുന്നു ഒരു കൂട്ടത്തിന്റെ വാദം. അതുകൊണ്ടാണ് ഇങ്ങനെ ഡക്കായതെന്നും അവര്‍ പറയുന്നു.