KeralaSports

സഞ്ജുവിന് ഇതെന്തൊരു കഷ്ടകാലം; കൂറ്റന്‍ ജയത്തിലും കാര്യമായ പങ്കില്ലാതെ ക്യാപ്റ്റന്‍

നാല് റണ്‍സിലൊതുങ്ങി സഞ്ജു ഇന്നിംഗ്‌സ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിസ്മയകരമായ മുന്നേറ്റം നടത്തിയ കേരളം മുംബൈക്കെതിരെ മിന്നും വിജയം നേടിയെങ്കിലും ക്രിക്കറ്റ് ആരാധകര്‍ നിരാശയിലാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മലയാളി അഹങ്കാരം സഞ്ജു സാംസണിന്റെ തുടര്‍ച്ചയായ ഫ്‌ളോപ്പിംഗ് പ്രകടനമാണ് ആരാധകരെ നിരാശയിലാക്കിയത്.

രോഹനും സല്‍മാനും അടിച്ചുകയറിയ ഇന്നിംഗ്‌സില്‍ വെറും നാല് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ സെഞ്ച്വറിയും പിന്നീട് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ 45 പന്തില്‍ നിന്നായി 75 റണ്‍സ് എടുത്തെങ്കിലും പിന്നീടുള്ള കളിയില്‍ സഞ്ജു ഫ്‌ളോപ്പായി.

മഹാരാഷ്ട്രക്ക് എതിരെയായിരുന്നു ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം മത്സരം. ഈ കളിയിലും കേരളം തന്നെയാണ് ആദ്യം ബാറ്റ് ചെയ്തത്. രോഹനൊപ്പം ഓപ്പണറായെത്തിയ സഞ്ജു മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 19 റണ്‍സില്‍ പുറത്തായി. 15 പന്തുകളില്‍ നിന്നായിരുന്നു ഇത്. മൂന്ന് ബൗണ്ടറികളും ഈ ഇന്നിങ്‌സില്‍ സഞ്ജു സ്‌കോര്‍ ചെയ്തു. കേരളമാകട്ടെ ഈ കളിയില്‍ മൂന്ന് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു.

നാഗാലന്‍ഡിനെതിരെ ആയിരുന്നു സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ മൂന്നാം മത്സരം. ദുര്‍ബലരായ എതിരാളികള്‍ക്ക് എതിരെ നടന്ന ഈ കളിയില്‍ സഞ്ജു കേരള നിരയില്‍ ഉണ്ടായിരുന്നില്ല. താരത്തിന് ഈ മത്സരത്തില്‍ നിന്ന് വിശ്രമം അനുവദിക്കുകയായിരുന്നുവെന്നാണ് സൂചന. സഞ്ജുവിന്റെ അഭാവത്തിലും മികച്ച കളി കെട്ടഴിച്ച കേരളം നാഗാലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്തു.

അങ്ങനെ ഒരു മത്സര ഇടവേളക്ക് ശേഷമാണ് മുംബൈക്ക് എതിരായ കളിയില്‍ സഞ്ജു കേരളത്തിന്റെ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയത്. താരത്തില്‍ നിന്ന് മറ്റൊരു വെടിക്കെട്ട് അരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ല. ആരാധകരെ വല്ലാതെ നിരാശപ്പെടുത്തുകയും ചെയ്തു ഇത്.

സ്റ്റാര്‍ പേസര്‍ ഷര്‍ദുല്‍ താക്കൂറിന്റെ പന്ത് വിക്കറ്റിലേക്ക് അടിച്ചുകയറ്റിയാണ് സഞ്ജു പുറത്തായത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഏറ്റവും പ്രധാന മത്സരങ്ങളിലൊന്നായിരുന്നു മുംബൈക്ക് എതിരായത്. ഈ കളിയില്‍ ടീമിന്റെ പ്രധാന താരമായ സഞ്ജുവില്‍ നിന്ന് കേരളവും ആരാധകരും ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!