കൊച്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര നേടിക്കൊടുത്ത ഇന്ത്യന്‍ ടീമിന്റെ മലയാളി അഹങ്കാരം സഞ്ജു സാംസണ്‍ ഇനി തനി കേരളക്കാരനാകും. മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തെ നയിക്കാന്‍ സഞ്ജു സാംസണ്‍ എത്തും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിന്റെ നായകത്വം മറ്റ് ടീമുകളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്.
ശക്തമായ ടീമിനെയാണ് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നായ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ഇത്തവണയിറക്കുന്നത്. നായകന്‍ സഞ്ജു സാംസണിനെക്കൂടാതെ ഒരുപിടി വെടിക്കെട്ട് കളിക്കാര്‍ കേരളാ സ്‌ക്വാഡിലുണ്ട്.
സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരുടെ സാന്നിധ്യം കേരളാ ടീമിനെ കിരീട ഫേവറിറ്റുകളിലൊന്നാക്കി മാറ്റുന്നുണ്ട്. മികച്ച ബാറ്റിങ് നിരയ്ക്കൊപ്പം ബേസില്‍ തമ്പിയും എംഡി നിധീഷും നയിക്കുന്ന ബൗളിങ് ലൈനപ്പ് കൂടി ക്ലിക്കായാല്‍ കേരളത്തിനു കാര്യങ്ങള്‍ എളുപ്പമാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇത്തവണ ഗ്രൂപ്പ് ഇയിലാണ് കേരളാ ടീം ഉള്‍പ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര, സര്‍വീസസ്, മുംബൈ, ഗോവ, ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഈ മാസം 23 മുതലാണ് ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. കേരളത്തിന്റെ ആദ്യ പോരാട്ടം 23നു സര്‍വീസസിനെതിരേയാണ്. അവസാന ഗ്രൂപ്പ് മല്‍സരം ഡിസംബര്‍ മൂന്നിന് ആന്ധ്രയ്ക്കെതിരേയുമാണ്. ഗ്രൂപ്പു ഘട്ട മല്‍സരങ്ങള്‍ക്കു ശേഷം പ്രീക്വാര്‍ട്ടറിനു തുടക്കമാവും. 10 ടീമുകളാണ് പ്രീക്വാര്‍ട്ടറില്‍ അണിനിരക്കുക.