Kerala
മൂവാറ്റുപുഴയിൽ സ്കൂൾ ബസ് കത്തിനശിച്ചു; ഡ്രൈവറുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
മൂവാറ്റുപുഴ കല്ലൂർക്കാട് സ്കൂൾ ബസ് പൂർണമായും കത്തിനശിച്ചു. വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്കൂൾ സ്കൂൾ ബസാണ് കത്തിനശിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം.
സ്കൂൾ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂർക്കാട് നീറാംമ്പുഴ കവലക്ക് സമീപത്ത് വെച്ചാണ് ബസിന് തീപിടിച്ചത്. 25 കുട്ടികളാണ് ഈ സമയത്ത് ബസിലുണ്ടായിരുന്നത്. കല്ലൂർക്കാട് എത്തിയപ്പോൾ ബസിന്റെ മുന്നിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു.
ഇതോടെ ഡ്രൈവർ വേഗം ബസ് നിർത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. കുട്ടികളെ ഇറക്കി കഴിഞ്ഞതും ബസ് പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.