Kerala

സ്‌കൂള്‍ ബസ് അപകടം: വിചിത്ര വാദവുമായി ഡ്രൈവര്‍; മൊബൈല്‍ ഉപയോഗിച്ചില്ലെന്ന്

ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ വിചിത്ര വാദവുമായി ബസിന്റെ ഡ്രൈവര്‍ നിസാം. അപകട സമയത്ത് താന്‍ മൊബൈല്‍ ഉപയോഗിച്ചെന്ന് പറയുന്നത് ശരിയല്ലെന്നും നേരത്തേ ഇട്ട വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആ സമയം അപ്ലോഡ് ആയതായിരിക്കുമെന്നും ഡ്രൈവര്‍ പ്രതികരിച്ചു.

വളവില്‍വെച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായെന്നാണ് നിസാം നല്‍കിയ മൊഴി. ബസ്സിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ബ്രേക്കിന് ഉള്‍പ്പെടെ തകരാറുണ്ടെന്ന് സ്‌കൂള്‍ അധികൃതരോട് നേരത്തെ പറഞ്ഞിരുന്നതാണെന്നും നിസാം വ്യക്തമാക്കി. അവധിക്കാലം കഴിയുന്നതുവരെ ഈ ബസ് ഓടിക്കാം എന്നാണ് സ്‌കൂള്‍ അധികൃതര്‍ അന്ന് മറുപടി നല്‍കിയതെന്നും നിസാം പറയുന്നു.

ഡ്രൈവറുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ച്ചയാണെന്ന് ബസ് പരിശോധിച്ചശേഷം മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. ബ്രേക്കിന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ബ്രേക്ക് പിടിച്ചതിന്റെ പാടുകള്‍ റോഡിലുണ്ട്. പ്രത്യക്ഷത്തില്‍ ഡ്രൈവര്‍ ഓവര്‍ സ്പീഡായിരുന്നുവെന്നും അശാസ്ത്രീയമായ രീതിയിലാണ് ഡ്രൈവര്‍ വണ്ടി വളവില്‍വെച്ച് തിരിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ റിയാസ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്ന വാദവും ആര്‍ ടി ഒ നിഷേധിക്കുന്നുണ്ട്. രേഖാപ്രകാരം ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെങ്കിലും അത് ഏപ്രിലിലേക്ക് നീട്ടികൊടുത്തിട്ടുണ്ടെന്നും എം വി ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!