World

സുന്ദരനായതിനാല്‍ സീനിയര്‍ താരങ്ങള്‍ ദ്രോഹിച്ചു; നന്നായി വസ്‌ത്രം ധരിക്കുന്നതും സംസാരിക്കുന്നതും കുറ്റമായിരുന്നു: വെളിപ്പെടുത്തലുമായി പാക് താരം അഹമ്മദ് ഷെഹ്സാദ്

ലാഹോര്‍: സൗന്ദര്യം ഒരു ശാപമായിപ്പൊയെന്ന് ചിലരൊക്കെ തമാശയ്‌ക്ക് പറയാറുണ്ട്. ഇപ്പോഴിതാ ഇതു തനിക്ക് ശരിക്കും സംഭവിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് പാകിസ്ഥാന്‍ ബാറ്റര്‍ അഹമ്മദ് ഷെഹ്സാദ്. സുന്ദരനായതിന്‍റെ പേരില്‍ സീനിയര്‍ താരങ്ങളില്‍ നിന്നും തനിക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായാണ് 33-കാരന്‍ അവകാശപ്പെട്ടിരിക്കുന്നത്.

ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ഷെഹ്‌സാദ് ഇക്കാര്യം പറഞ്ഞത്. നന്നായി സംസാരിക്കുന്നതും വസ്‌ത്രം ധരിക്കുന്നതും പാകിസ്ഥാനിലെ ചില മുതിർന്ന ക്രിക്കറ്റ് താരങ്ങൾ തന്നെ എതിർക്കുന്നതിനും ലക്ഷ്യം വയ്ക്കുന്നതിനും കാരണമായി. സമാനമായ പ്രശ്‌നങ്ങൾ നേരിട്ട മറ്റ് ചില കളിക്കാര്‍ രാജ്യത്തുണ്ടായിരുന്നതായും ഷെഹ്‌സാദ് പറഞ്ഞു.

കാണാൻ സുന്ദരനാണ് എന്ന കാരണത്താല്‍ എനിക്ക് ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. നല്ല രീതിയില്‍ വസ്‌ത്രം ധരിക്കാൻ അറിയുകയും നന്നായി സംസാരിക്കുകയും ചെയ്‌താൽ ചിലർ നിങ്ങളോട് വെറുപ്പ് പ്രകടിപ്പിക്കാൻ തുടങ്ങും. പലരും എന്നെ ലക്ഷ്യം വച്ചു.

ഇതു ഞാന്‍ എന്നെ ന്യായീകരിക്കാന്‍ വേണ്ടി പറയുന്നതല്ല. സമാന പ്രശ്‌നം നേരിട്ട മറ്റു ചിലരുമുണ്ട്. നിങ്ങളുടെ ആരാധകവൃന്ദം വളരുകയും ആളുകൾ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്‌താൽ, ചില മുതിർന്ന കളിക്കാർക്ക് അത് അംഗീകരിക്കാൻ പ്രയാസമാണ്”- ഷെഹ്സാദ് പറഞ്ഞു.

‘ചെറിയ ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഞാന്‍. ലാഹോറിലെ അനാർക്കലിയിലാണ് താമസിച്ചിരുന്നത്. ആളുകൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ, എന്‍റെ വ്യക്തിത്വവും സൗന്ദര്യവും മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. പാക്കിസ്ഥാൻ ടീമിനുള്ളിൽ ഇത് കാര്യമായ പ്രശ്‌നങ്ങൾക്കും കാരണമായി’- അഹമ്മദ് ഷെഹ്സാദ് കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനായി 2009-ലാണ് ഷെഹ്സാദ് അരങ്ങേറ്റം നടത്തിയത്. 2019-ലാണ് ടീമിനായി അവസാനമായി കളിച്ചത്. ഇതിന് ശേഷം ടീമിലേക്ക് തിരികെ എത്താന്‍ 33-കാരന് കഴിഞ്ഞിട്ടില്ല. വലം കയ്യൻ ഓപ്പണറായ ഷെഹ്‌സാദ് 13 ടെസ്റ്റുകളില്‍ നിന്നും 982 റണ്‍സ് നേടിയിട്ടുണ്ട്. 81 ഏകദിനങ്ങളില്‍ നിന്നും 2605 റണ്‍സും 59 ടി20കളില്‍ നിന്നും 1471 റണ്‍സുമാണ് സമ്പാദ്യം.

Related Articles

Back to top button
error: Content is protected !!