നവജാത ശിശുവിന്റെ ഗുരുതര വൈകല്യം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
ആലപ്പുഴയിൽ നവജാത ശിശുവിന്റെ ഗുരുതര വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ജില്ലാ തലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു, സ്കാനിംഗ് സെന്ററിനെ പറ്റിയും അന്വേഷണം നടത്തും.
വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർളി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണം
ഗുരുതര വൈകല്യമാണ് കുട്ടിക്കുള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തി കിടത്തിയാൽ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈയ്ക്കും വളവുമുണ്ട്. ഗർഭകാലത്ത് പലതവണ സ്കാനിംഗ് നടത്തിയിട്ടും ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി