രാഹുലിനെതിരായ ലൈംഗികാരോപണം: യുവതികളുടെ മൊഴിയെടുക്കൽ നടപടി തുടങ്ങാൻ ക്രൈംബ്രാഞ്ച്

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ യുവതികളുടെ മൊഴിയെടുക്കൽ നടപടികളിലേക്ക് കടക്കാൻ ക്രൈംബ്രാഞ്ച്. ട്രാൻസ്ജെൻഡർ യുവതിയും മൂന്ന് യുവതികളുമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് വന്നത്. ഒരു യുവതിയെ ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.
നിലവിൽ അന്വേഷണ സംഘത്തിന്റെ കൈകളിൽ യുവതികളുടെ പരാതികൾ ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതികൾ മാത്രമാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്. വനിതാ ഉദ്യോഗസ്ഥർ യുവതികളെ നേരിട്ട് കണ്ടാവും മൊഴി രേഖപ്പെടുത്തുക. പരമാവധി തെളിവുകൾ ശേഖരിക്കാൻ ആണ് നീക്കം.
ഏറെ വൈകാതെ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നാണ് വിവരം. രണ്ട് ദിവസത്തിനകം മുഴുവൻ അന്വേഷണ അംഗങ്ങളെയും പ്രഖ്യാപിക്കും.