Kerala

ഷെമീനയ്ക്കും മകനും സാമ്പത്തിക അച്ചടക്കമില്ലാത്ത ജീവിതം; അമ്മയും അനിയനും തെണ്ടുന്നത് കാണാന്‍ വയ്യെന്ന് പിതാവിനോട് അഫാന്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് കാരണമായത് സാമ്പത്തിക ബാധ്യതയാണെന്ന് പോലീസ്. അഫാന്റെയും മാതാവായ ഷെമീനയുടെയും സാമ്പത്തിക അച്ചടക്കമില്ലാത്ത ജീവിതമാണ് ബാധ്യതയ്ക്ക് കാരണമായതെന്ന് പോലീസ് സ്ഥിരീകരിച്ചു.

അഫാന്റെയും ഉമ്മയുടെയും കൈവശം പണമൊന്നുമുണ്ടായിരുന്നില്ല. കടം കൊണ്ട് പൊറുതിമുട്ടിയപ്പോഴും അഫാന്‍ രണ്ട് ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിച്ചു. കൊലപാതകം നടക്കുന്ന ദിവസം അഫാന്‍ തിരികെ നല്‍കാനുണ്ടായിരുന്നത് 50,000 രൂപയെന്നും പോലീസ് വ്യക്തമാക്കുന്നു.

കൊലപാതകം നടക്കുന്നതിന് തലേദിവസം കാമുകിയായിരുന്ന ഫര്‍സാനയില്‍ നിന്നും അഫാന്‍ 200 രൂപ കടം വാങ്ങിച്ചു. ഇതില്‍ നിന്ന് 100 രൂപയ്ക്ക് ബൈക്കില്‍ പെട്രോള്‍ അടിച്ചു. ശേഷം ഉമ്മയെയും കൊണ്ട് ബന്ധുവീട്ടില്‍ കടം ചോദിക്കാനായി പോയി. തിരികെ വരും വഴി 100 രൂപയ്ക്ക് ഉമ്മയും അഫാനും കടയില്‍ കയറി ദോശ കഴിച്ചുവെന്നും പോലീസ് പറയുന്നു.

പണം ചോദിച്ച് കടക്കാര്‍ വരുന്നതിന് മുമ്പായിരുന്നു കൊലപാതകങ്ങള്‍ നടത്തിയിരുന്നതെന്ന് അഫാന്‍ പോലീസിനോട് പറഞ്ഞു. അതിനിടെ അഫാനെയും പിതാവായ റഹീമിനെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. മകനെ കണ്ടയുടന്‍ എല്ലാം തകര്‍ത്തു കളഞ്ഞില്ലേയെന്ന് പൊട്ടികരഞ്ഞുകൊണ്ട് റഹീം ചോദിച്ചു. ഇതിന് അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യ എന്നായിരുന്നു അഫാന്‍ നല്‍കിയ മറുപടി.

കേസില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം. അഫാനെ സിനിമ സ്വാധീനിച്ചെന്ന പ്രചരണം തെറ്റാണെന്നും പോലീസ് പറഞ്ഞു. അഞ്ചുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ അഫാന് പ്രേരണയായത് സിനിമയാണെന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. ഇതാണ് തെറ്റാണെന്ന് പോലീസ് പറയുന്നത്.

അതേസമയം, അഫാന്‍ ആക്രമിച്ചതിനാലാണ് തനിക്ക് പരിക്കേറ്റതെന്ന് ഉമ്മ ഷെമീന പോലീസിന് മൊഴി നല്‍കിയിരുന്നു. അഫാന്‍ തന്റെ കഴുത്ത് ഞെരിച്ച് ചുമരില്‍ തലയിടിപ്പിച്ചെന്നും ബോധം വന്നപ്പോള്‍ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചെന്നുമായിരുന്നു മാതാവിന്റെ മൊഴി

Related Articles

Back to top button
error: Content is protected !!