സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; നോട്ടീസ് നൽകി അന്വേഷണസംഘം
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദീഖിന് നോട്ടീസ് നല്‍കി. അന്വേഷണത്തിന്‍റെ ചുമതലയിലുള്ള തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണർ ആണ് നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിനെത്തണമെന്നാണ് നിര്‍ദ്ദേശം.
കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് അറിയിച്ച് സിദ്ദിഖ് നേരത്തെ ഇ മെയിൽ നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചിരിക്കുന്നത്. നോട്ടീസ് നല്‍കി വിളിപ്പിച്ച് സിദ്ദിഖിന്‍റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങള്‍ക്ക് ശേഷമാണ് സിദ്ദീഖിനെ ചോദ്യം ചെയ്യാനുളള നീക്കം നടക്കുന്നത്.
സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ നോട്ടീസ് നല്‍കുന്നതില്‍ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാന്‍ തയാറാണെന്ന് സിദ്ദിഖ് തന്നെ അറിയിച്ചത്. സിനിമാ ചര്‍ച്ചക്കായി തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.