മാധ്യമങ്ങള്‍ മാപ്പ് പറയണം; മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ല; വിശദീകരണവുമായി പ്രതിഭ എം എല്‍ എ
മനുഷ്യന്റെ മാംസം തിന്നാണ് ചില മാധ്യമങ്ങള്‍ ജീവിക്കുന്നത്
മകനെ കഞ്ചാവുമായി പിടികൂടിയ വാര്‍ത്ത നിഷേധിച്ച് പ്രതിഭ എം എല്‍ എ. ഒരുപാട് ശത്രുക്കളുള്ള തനിക്ക് പല മാധ്യമങ്ങളും ശത്രുക്കളാണെന്നും ഇതിന്റെ ഭാഗമായാണ് ഇത്തരം വ്യാജ വാര്‍ത്ത വന്നതെന്നും എം എല്‍ എ പറഞ്ഞു. കൂട്ടുകാരുമായി കൂടിയിരുന്ന തന്റെ മകനെയും കൂട്ടുകാരെയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്നും അല്ലാതെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതിഭയുടെ മറുപടി.
ഏഷ്യാനെറ്റ് ന്യൂസ്, ട്വന്റി ഫോര്‍, മീഡിയാ വണ്‍ എന്നീ മാധ്യമങ്ങളുടെ പേര് എടുത്താണ് പ്രതിഭാ എം എല്‍ എ വിമര്‍ശിച്ചത്. തന്റെ മകനെ കഞ്ചാവുമായി പിടികൂടിയെന്ന് തെളിയിച്ചാല്‍ താന്‍ മാപ്പ് പറയുമെന്നും അല്ലാത്ത പക്ഷം മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നും അവര്‍ വ്യക്തമാക്കി.
മനുഷ്യരുടെ മാംസം കൊത്തിവലിക്കാന്‍ നല്ല സുഖമുണ്ടാകുമല്ലേയെന്നും വാര്‍ത്ത പിന്‍വലിച്ച് നിരുപാധികം മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നും മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. മകനെയും ലൈവില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിഭ വീഡിയോ പോസ്റ്റ് ചെയ്തത്.