Kerala

എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം; സർക്കാർ ഉത്തരവിറക്കി

എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ എഡിജിപി റാങ്കിൽ താഴെയുള്ള ഉദ്യോഗസ്ഥരാണ്.

അതേസമയം അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയിട്ടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് അജിത് കുമാറും പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് പി ശശിയും തുടരുമ്പോഴാണ് ഇവർക്ക് താഴെയുള്ള ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നത്.

അജിത് കുമാറിനെതിരെ പിവി അൻവർ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. ഫോൺ ചോർത്തൽ, സ്വർണക്കടത്ത് ബന്ധം അടക്കമുള്ള ആരോപണങ്ങൾ അൻവർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പൊതുവേദിയിൽ വെച്ചാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനും മണിക്കൂറുകൾക്ക് ശേഷമാണ് അന്വഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്.

ഐജി സ്പർജൻകുമാർ, ഡിഐജി തോംസൺ ജോസ്, എസ് പിമാരായ എസ് മധുസൂദനൻ, എ ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

Related Articles

Back to top button