ശ്രീതേജിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കും; വിമർശനങ്ങൾക്ക് പിന്നാലെ അല്ലു അർജുൻ
പുഷ്പ 2 റിലീസിനിടെ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്ന ശ്രീതേജ് എന്ന ഒമ്പത് വയസുകാരന് ആവശ്യമായതെല്ലാം ചെയ്തു കൊടുക്കുമെന്ന് നടൻ അല്ലു അർജുൻ. അപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അല്ലു അർജുൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ ആഘോഷം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു
പിന്നാലെയാണ് അല്ലു അർജുൻ ഇൻസ്റ്റഗ്രാം വഴി കുട്ടിക്ക് പിന്തുണ അറിയിച്ചത്. ദൗർഭാഗ്യകരമായ സംഭവത്തെ തുടർന്ന് പരുക്കേറ്റ ശ്രീതേജിന് ഒപ്പമുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ ഉള്ളതിനാലാണ് ആ കുട്ടിയെയും കുടുംബത്തെയും ഇപ്പോൾ സന്ദർശിക്കാത്തത്. എന്റെ പ്രാർഥന അവർക്കൊപ്പമുണ്ട്.
അവരുടെ കുടുംബത്തിനും ചികിത്സക്കുമുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കും. ആ കുട്ടി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അല്ലു പറഞ്ഞു. ശ്രീതേജിന്റെ അമ്മ രേവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. ഈ സംഭവത്തിലാണ് അല്ലു അർജുൻ അറസ്റ്റിലായത്.