Sports

ചെറുത്തുനിൽപ്പിന്റെ വിജയഗാഥ: ജമ്മു കാശ്മീരിനെതിരെ സമനില പിടിച്ച് കേരളം രഞ്ജി സെമിയിൽ

രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ കടന്ന് കേരളം. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ സമനില പിടിച്ചതോടെയാണ് കേരളം സെമിയിലേക്ക് കടന്നത്. ഒന്നാമിന്നിംഗ്‌സിൽ കേരളം നേടിയ നിർണായകമായ ഒരു റൺസിന്റെ ലീഡാണ് കേരളത്തിന് മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകമായത്. രണ്ടാമിന്നിംഗ്‌സിൽ അതിഗംഭീര ചെറുത്തുനിൽപ്പാണ് കേരളത്തിന്റെ ബാറ്റ്‌സ്മാൻമാർ കാഴ്ചവെച്ചത്. അവസാന ദിനം അവസാനിക്കുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് എന്ന നിലയിലായിരുന്നു

സൽമാൻ നിസാർ 162 പന്തിൽ 44 റൺസുമായും മുഹമ്മദ് അസ്ഹറുദ്ദീൻ 118 പന്തിൽ 67 റൺസുമായും പുറത്താകാതെ നിന്നു. നീണ്ട 43 ഓവറുകളാണ് ഇരുവരും ചേർന്ന് പ്രതിരോധിച്ചത്. 8 റൺസെടുത്ത ആദിത്യ സർവതെ ആറാമനായി പുറത്താകുമ്പോൾ കേരളത്തിന്റെ സ്‌കോർ 180ൽ എത്തിയതേയുണ്ടായിരുന്നുള്ളു. 42.4 ഓവർ വീണ്ടും ബാക്കിയുണ്ട്. തോൽവിയെന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് സൽമാൻ നിസാറിനൊപ്പം അസ്ഹറുദ്ദീൻ ക്രീസിൽ നിലയുറപ്പിച്ചത്. പിന്നീട് കണ്ടത് ടെസ്റ്റ് ക്രിക്കറ്റിലെ പ്രതിരോധത്തിന്റെ സൗന്ദര്യകാഴ്ചയാണ്.

വിജയത്തിനായി ജമ്മു കാശ്മീർ പൊരുതി നോക്കിയെങ്കിലും കേരളത്തിന്റെ താരങ്ങൾ വൻമതിലായി നിലയുറപ്പിച്ചതോടെ അവരുടെ പ്രതീക്ഷകൾ തകർന്നു. ഒന്നാമിന്നിംഗ്‌സിൽ സെഞ്ച്വറിയുമായി ക്രീസിലുറക്കുകയും പത്താം വിക്കറ്റിൽ ബേസിലിനൊപ്പം ചേർന്ന് 81 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്ത് കേരളത്തിന് ഒരു റൺസ് ലീഡ് സമ്മാനിച്ച സൽമാൻ നിസാർ രണ്ടാമിന്നിംഗ്‌സിലും രക്ഷകനായി. സൽമാൻ തന്നെയാണ് മത്സരത്തിലെ താരവും

രോഹൻ കുന്നുമ്മൽ 36, അക്ഷയ് ചന്ദ്രൻ 48, ഷോൺ റോജർ 6, സച്ചിൻ ബേബി 48, ജലജ് സക്‌സേന 18, ആദിത്യ സർവതെ 8 എന്നിവരാണ് പുറത്തായ കേരളത്തിന്റെ താരങ്ങൾ. ജമ്മു കാശ്മീർ ഒന്നാമിന്നിംഗ്‌സിൽ 280 റൺസിന് ഓൾ ഔട്ടായിരുന്നു. കേരളം ഒന്നാമിന്നിംഗ്‌സിൽ 281 റൺസിന് പുറത്തായി. ജമ്മു കാശ്മീർ രണ്ടാമിന്നിംഗ്‌സിൽ 399ന് 9 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത് കേരളത്തിന് മുന്നിൽ 399 റൺസ് വിജയലക്ഷ്യം വെക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!