
ആ പ്രതീക്ഷയും അവസാനിച്ചു. പോയിന്റ് ടേബിളിലേക്ക് പത്താം സ്ഥാനത്തേക്ക് കൂപ്പുകുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. മഞ്ഞപ്പടകള്‍ അടക്കം പറഞ്ഞു. മതി, വാ പോകാം ബെംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ ആധികാരിക വിജയം നേടിയ ബാംഗ്ലൂര്‍ എഫ് സിയുടെ മിന്നും താരം സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് ഗ്യാലറിയെ ആവേശത്തിരയിലാക്കി.
ഇതോടെ 11 മത്സരത്തില്‍ നിന്ന് 23 പോയിന്റോടെ ബംഗളൂരു തലപ്പത്തെത്തിയപ്പോള്‍ ആറാം തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. ബെംഗളൂരുവിന്റെ തട്ടകത്തില്‍ പ്രതികാരം വീട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട് തലകുനിക്കേണ്ടി വന്നിരിക്കുകയാണ്.
തുടക്കത്തില്‍ തന്നെ എതിരാളികളെ ഞെട്ടിച്ച ബെംഗളൂരുവിന് മുന്നില്‍ കേരളം പത്തിമടക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചത്തേക്ക് ബംഗളൂരു ആദ്യ നിറയൊഴിച്ചു. വില്യംസിന്റെ പാസിനെ ഹെഡ്ഡറിലൂടെ സുനില്‍ ഛേത്രി വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ആദ്യ പകുതിക്ക് മുമ്പ് കേരളത്തിന്റെ വയറ് നിറച്ച് ഒരു ഗോളു കൂടെ പിറന്നു. പന്തടക്കി കളിക്കുവാനല്ലാതെ ബോള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് സാധിച്ചില്ല.
ആദ്യ പകുതിക്ക് ശേഷം മികച്ച നീക്കങ്ങളുമായി മുന്നേറിയ ബ്ലാസ്റ്റേഴ്സ് 56ാം മിനുട്ടില്‍ ആദ്യ ഗോള്‍ മടക്കി. ലൂന നോഹയിലേക്ക് പന്തെത്തിച്ചു. ബെക്കെയിലേക്ക് നോഹ പന്ത് മറിച്ചു നല്‍കി. ബെക്കെ ജീസസസിന് പന്ത് നല്‍കിയപ്പോള്‍ താരത്തിന്റെ ഷോട്ട് ലക്ഷ്യം പിഴക്കാതെ വലയിലാകുകയായിരുന്നു. ഗോള്‍ മടക്കി സമനില പിടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം 67ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. ഫ്രഡ്ഡിയാണ് ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തത്. ഹെഡ്ഡറിലൂടെയാണ് താരത്തിന്റെ ഗോള്‍.
സമനില നേടിയതോടെ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസം കൈവരിച്ചെങ്കിലും ഇതിന് അല്‍പ്പായുസായിരുന്നു ഉണ്ടായിരുന്നത്. 73ാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിലൂടെ സുനില്‍ ഛേത്രി ബംഗളൂരുവിനെ മുന്നിലെത്തിച്ചു. ഇതോടെ അവസാന സമയത്ത് പോരാട്ടം തീപാറി. സമനിലക്കായി അവസാന സമയത്ത് ബ്ലാസ്റ്റേഴ്സ് പൊരുതി നോക്കിയെങ്കിലും ശ്രമങ്ങളെല്ലാം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. എന്നാല്‍ അധിക സമയത്ത് ബ്ലാസ്റ്റേഴ്സിന്റെ പെട്ടിയില്‍ അവസാന ആണിയടിച്ച് സുനില്‍ ഛേത്രി ഹാട്രിക്കും കേരളത്തിന്റെ പരാജയവും ഉറപ്പിച്ചു.