സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു; ചടങ്ങിനെത്താതെ ആന്റോ ആന്റണി

സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നിൽക്കുന്ന പോരാളിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിശേഷിപ്പിച്ചു. തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന ചടങ്ങിലാണ് സണ്ണി ജോസഫ് ഔദ്യോഗികമായി ചുമതലയേറ്റെടുത്തത്
വർക്കിംഗ് പ്രസിഡന്റുമാരായി ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ എന്നിവരും ചുമതലയേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ സുധാകരൻ, രമേശ് ചെന്നിത്തല, ദീപാദാസ് മുൻഷി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സണ്ണി ജോസഫിനൊപ്പം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല
കണ്ണൂർ രാഷ്ട്രീയത്തിൽ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതൽ കരുത്തോടെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുമെന്ന് സുധാകരൻ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോൺഗ്രസിന്റെ, യുവത്വത്തിന്റെ തിളക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും സുധാകരൻ പറഞ്ഞു.